ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ജാവ്ലിന് താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്.
ഞങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളില്‍ ഒരാളുടെ മഹത്തായ നേട്ടം. വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ കായിക രംഗത്തിന് ഇതൊരു അപൂര്‍വ്വ നിമിഷമാണ്. വരും മത്സരങ്ങളിലും വിജയം കൈവരിക്കാന്‍ ആശംസകള്‍ നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നീരജ് ചോപ്രയുടെ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ്. ഇത്തരത്തിലൊരു മെഡല്‍ നേട്ടത്തിന് വേണ്ടി കഴിഞ്ഞ 19 വര്‍ഷമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അഞ്ജു പറഞ്ഞു.
നീരജ് ഈ നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെയും അതില്‍ നേടുന്ന മെഡലിന്റെയും മൂല്യം ഇന്ത്യക്കാര്‍ക്കിപ്പോള്‍ മനസിലാവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവാകാനും പിന്‍ഗാമികള്‍ക്ക് വഴികാട്ടിയാകാനും സാധിച്ചതിലൂടെ കരിയറും ജീവിതവും അര്‍ത്ഥവത്തായെന്ന് തോന്നുന്നുവെന്ന് അഞ്ജു കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മടങ്ങിയെത്തുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ സ്വീകരിക്കാന്‍ താനുമുണ്ടാകും. പാരീസ് ഒളിംപിക്സിനും മികച്ച നേട്ടം കൈവരിക്കാന്‍ നീരജ് ചോപ്രയ്ക്കാവട്ടെയെന്ന് അഞ്ജു ആശംസിച്ചു.
2003ലാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ അഞ്ജു ബോബിജോര്‍ജ് വെങ്കലം നേടി രാജ്യത്തിന് അഭിമാനമായത്.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര വ്യക്തമാക്കി. ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരവും അഞ്ജു ബോബി ജോര്‍ജിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യനുമെന്ന നേട്ടങ്ങളില്‍ നീരജ് ചോപ്ര ഇടംപിടിച്ചിരുന്നു. ഒറിഗോണില്‍ 88.13 മീറ്റര്‍ ദൂരം മറികടന്നാണ് നീരജിന്റെ വെള്ളിത്തിളക്കം.