സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിന് പരസ്യ പിന്തുണ അറിയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഈ പോരാട്ടത്തിൽ സ്വപ്നയ്ക്ക് സംഭവിച്ചേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളിൽ താൻ ആശങ്കാകുലനാണ്. എന്തുകൊണ്ട് ഈ തുറന്ന് പറച്ചിലുകൾക്ക് ശക്തമായ പിന്തുണ നൽകി പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വരുന്നില്ല എന്ന് തനിക്ക് മനസ്സിലാകുന്നില്ല. സ്വപ്ന, അടിമത്തമല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല എന്ന് കണ്ണടച്ചു വിശ്വസിക്കുന്ന സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ് എന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ശ്രീമതി സ്വപ്ന സുരേഷ്, താങ്കള്‍ കേരളത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മാഫിയപ്രവര്‍ത്തനത്തിന് എതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന് എന്റെ എളിയ പിന്തുണയും നന്ദിയും അറിയിക്കണമെന്ന് ഏറെനാളായി ഞാന്‍ കരുതുന്നു. കുറ്റാരോപിതയായ ഒരു വ്യക്തി എന്ന നിലയില്‍ നിന്നും അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാള്‍ പട്ടാളമായി മാറിക്കഴിഞ്ഞ താങ്കള്‍ക്കുള്ള പിന്തുണ സ്വകാര്യമായല്ല പരസ്യമായി ആണ് അറിയിക്കേണ്ടതെന്നും കരുതുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.
ആദ്യമായി ഈ പോരാട്ടത്തില്‍ താങ്കള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളില്‍ എനിക്കുള്ള ആശങ്കയും താങ്കള്‍ക്ക് അഹിതമായതൊന്നും സംഭവിക്കരുതേ എന്നുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പങ്കുവെയ്ക്കുന്നു. എങ്കിലും അതിര്‍ത്തിയിലെ പട്ടാളക്കാരെപ്പോലെ ജീവന്‍ തുലാസില്‍ വെച്ചുകൊണ്ട് മാത്രമേ താങ്കള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പോരാട്ടത്തിന് പുറപ്പെടാന്‍ കഴിയൂ എന്നതും ഞാന്‍ മറക്കുന്നില്ല. എന്ത് തന്നെയായാലും ഈ ചെറിയ കാലയളവുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ക്കോ മാധ്യമസിംഹങ്ങള്‍ക്കോ സാസ്‌കാരിക മഹാമേരുക്കള്‍ക്കോ കഴിയാത്ത രീതിയില്‍ അനീതിയുടെ കോട്ടകൊത്തളങ്ങള്‍ക്ക് കുലുക്കമുണ്ടാക്കാന്‍ താങ്കളുടെ ഇടപെടലിനു കഴിഞ്ഞു എന്നതില്‍ താങ്കളെ അഭിനന്ദിക്കുന്നു.
താങ്കള്‍ പത്രക്കാര്‍ക്ക് മുന്നില്‍ വരുന്ന അവസരങ്ങള്‍ കാത്തിരിക്കുന്ന അനേകം സാധാരണക്കാരില്‍ ഒരാളായി ഞാനും മാറിക്കഴിഞ്ഞു എന്ന് മറയൊന്നുമില്ലാതെ വെളിവാക്കുന്നു. സ്വര്‍ണകള്ളക്കടത്തുകാരി എന്ന് മുതല്‍ അഭിസാരിക എന്നുവരെയുള്ള അപമാനകരമായ പദങ്ങള്‍ കൊണ്ടുള്ള വിശേഷണങ്ങള്‍ നല്‍കി താങ്കളെ അവമതിക്കാനും താങ്കളുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കാതിരിക്കാന്‍ സാധാരണ ജനങ്ങളെ പ്രേരിപ്പിക്കാനുമുള്ള മാഫിയാ പദ്ധതികള്‍ പൊളിഞ്ഞുപോയി എന്നതില്‍ എനിക്കുള്ള സന്തോഷം പങ്കുവെയ്ക്കുന്നു.
അധികാരവും അംഗീകാരങ്ങളുമില്ലാത്ത സാധാരണ ജനത താങ്കളെ നെഞ്ചേറ്റിയിട്ടുണ്ട് എന്ന സത്യം മുന്നില്‍ നില്‍ക്കുമ്പോഴും യുക്തിസഹമായി താങ്കള്‍ വിളിച്ച്പറയുന്ന സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരോ സ്ത്രീ സംഘടനകളോ സാസ്‌കാരിക ലോകമോ കേട്ടതായി നടിക്കുകയോ വേണ്ടത്ര ഗൗരവം നല്‍കുകയോ ചെയ്യുന്നില്ല എന്ന അപഹാസ്യകരമായ അവസ്ഥയും നിലവിലുണ്ട്. താങ്കള്‍ ഒരു കേസില്‍ പ്രതിയാണ് എന്ന കാരണം കൊണ്ടാണത്രേ അവര്‍ താങ്കളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നത്. എത്ര അപഹാസ്യമായ വാദമാണതെന്ന് താങ്കള്‍ക്കും അറിയാമെന്ന് ഞാന്‍ ഊഹിക്കുന്നു. കൊലപാതക കേസുകളിലും അഴിമതിക്കേസുകളിലും തെളിവു നശിപ്പിക്കലിന് കൂട്ടുനിന്ന കേസുകളിലും ഒക്കെ പ്രതികളും സംശയ നിഴലില്‍ നില്‍ക്കുന്നവരും നിയമസഭയിലിരുന്ന് വിശുദ്ധിയെ കുറിച്ച് ഗിരിപ്രസംഗങ്ങള്‍ നടത്തുന്നത് കണ്ട് കയ്യടിക്കുന്ന ആള്‍ക്കാരാണ് തെളിവുകള്‍ സഹിതം യുക്തിസഹമായി താങ്കള്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ അവഗണിക്കുന്നത്. അതിലൊന്നും താങ്കള്‍ സ്വയം സംശയിക്കുകയോ പതറുകയോ ചെയ്യരുത് എന്ന അഭ്യര്‍ത്ഥന കൂടി എനിക്കുണ്ട്. പുരുഷന്മാരായ ഒട്ടുമിക്ക സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനെതിരെ മിണ്ടിയാല്‍ തങ്ങളുടെ യശസിനെ ഭസ്മീകരിക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ട്. സാസ്‌കാരികപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും താങ്കളെ പിന്തുണച്ചാല്‍ അപകീര്‍ത്തി ഉണ്ടാകുമോ എന്ന ഭയം കാണും. സാസ്‌കാരിക നായകത്വം എന്നത് കയ്യാലപ്പുറത്തിരിക്കുന്ന കള്ളത്തേങ്ങയാണെന്ന് കുറച്ചുനാളെങ്കിലും ആ കാപട്യവലയത്തില്‍ ഉണ്ടായിരുന്നാലേ മനസിലാവുകയുള്ളു.
എന്തുകൊണ്ടാണ് താങ്കളുടെ തുറന്ന് പറച്ചിലുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വരുന്നില്ല എന്ന് എനിക്കും അറിയില്ല. മാഫിയയുടെ നീരാളിക്കൈകള്‍ ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും ശക്തി കേന്ദ്രങ്ങളില്‍ ആഴത്തില്‍ കടന്നുകയറിയിട്ടുണ്ട് എന്നതാവാം ഒരു കാരണം. മറ്റൊന്ന് കേരളം പോലെ രാഷ്ട്രീയ ഭീരുത്വം നേരിടുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലെങ്ങും ഇല്ല എന്നതാണ്. ഇവിടെ ഭരണമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് പോലും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിരോധങ്ങള്‍ കൊണ്ടല്ല സാധാരണ ജനങ്ങള്‍ ഭരിക്കുന്നവരോടുള്ള തങ്ങളുടെ എതിര്‍പ്പ് വെളിവാക്കാന്‍ എതിര്‍പക്ഷത്തിന് വോട്ട് കുത്തുന്നത് കൊണ്ടാണ്. അതുകൊണ്ട് താങ്കള്‍ക്ക് ജീവന് ഭീഷണിയുണ്ട് എന്ന് പൊതുസമൂഹത്തോട് താങ്കള്‍ പറഞ്ഞിട്ടുപോലും താങ്കള്‍ക്ക് ജീവന് സംരക്ഷണം നല്‍കാന്‍ പോലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടു വരാത്തതില്‍ അത്ഭുതപെടേണ്ട. എന്തൊക്കെ തന്നെ ആയാലും കേരളത്തിന്റെ പൊതുജനമനസ്സില്‍ താങ്കള്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സ്ത്രീ എന്ന നിലയിലുള്ള പരിമിതികളും ‘അമ്മ എന്ന നിലയിലുള്ള പ്രാരാബ്ധങ്ങളും പിന്നോട്ട് വലിക്കുമ്പോഴും, വേണ്ടത്ര പിന്തുണ അധികാരവും കഴിവുമുള്ള വ്യക്തികളില്‍ നിന്നും ലഭിക്കാതിരിക്കുമ്പോഴും, എന്തിനും കഴിവുള്ള ഒരു രാക്ഷസീയ ശക്തിക്കെതിരെ താങ്കള്‍ നടത്തുന്ന പോരാട്ടം ചരിത്രപരമായ പോരാട്ടമാണ് എന്ന് പറയാതിരിക്കാന്‍ ആവുന്നില്ല.
താങ്കള്‍ കേരളത്തിലെ നിസ്സഹായരായ ജനതയ്ക്ക് പ്രത്യേകിച്ചും അടിമത്തമല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല എന്ന് കണ്ണടച്ചു വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് ഒരു വലിയ പ്രചോദനമാണ്. വേണമെങ്കില്‍ താങ്കള്‍ക്കും ‘അശ്വത്ഥമാവിന്റെ ചേന’ യെന്നോ ‘ഗാന്ധാരിയുടെ കണ്ണട’ എന്നോ മറ്റോ പുസ്തകമെഴുതി ആജീവനാന്തം നിങ്ങളെ ചൂഷണം ചെയ്ത ശക്തികള്‍ക്ക് ഒത്താശ ചെയ്ത് സസുഖം വാഴമായിരുന്നു. നിങ്ങള്‍ സ്വന്തം ജീവന്‍ പണയം വെച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തു എന്നത് ഈ സമൂഹത്തിന് നല്‍കുന്ന പ്രത്യാശ പറഞ്ഞറിയിക്കാനാവില്ല. താങ്കളുടെ തീരുമാനത്തിന് പിന്തുണനല്‍കുന്ന താങ്കളുടെ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും എന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
ഇതോടൊപ്പം കൊടുത്തിട്ടുള്ള താങ്കളുടെ ചിത്രങ്ങള്‍ തന്നെ താങ്കളുടെ പരിവര്‍ത്തനം വ്യക്തമാക്കുന്നതാണ്. കെണിയില്‍ പെട്ട എലിയെപ്പോലെ ഭയന്നരണ്ട് ആശയക്കുഴപ്പത്തിലായ ഒരു രൂപത്തില്‍ നിന്നും ഗര്‍ജ്ജിക്കുന്ന സിംഹിണിയെ പോലുള്ള ഒരു സ്ത്രീരൂപത്തിലെക്കുള്ള താങ്കളുടെ വളര്‍ച്ച പ്രത്യാശ നല്‍കുന്നതാണ്, ആരാധനയുണര്‍ത്തുന്നതാണ്. നമോവാകം!