വടകര കല്ലേരിയിലെ സജീവന്റെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം ഉടൻ സർക്കാരന് റിപ്പോർട്ട് സമർപ്പിക്കും. കസ്റ്റഡി മരണമെന്ന ആരോപണത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി . വടകര എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാലാണ് എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട് . മരണകാരണം ഹൃദയാഘാതമെന്ന പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുൾപ്പെടെ എടുത്ത ശേഷം മാത്രമേ, സംസ്ഥാന പൊലീസ് മേധാവിക്ക് ഐ ജി റിപ്പോർട്ട് സമർപ്പിക്കൂ.
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം;വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട് നെഞ്ചുവേദന വന്നിട്ടും അവഗണിച്ചു, സഹായിച്ചവരെ തടഞ്ഞു

