മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഇ.പി ജയരാജന് പറഞ്ഞു. കോടതിയുത്തരവിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ടുതന്നെ ഏതു കോടതിയായലും ജഡ്ജിയായാലും മജിസ്ട്രേറ്റ് ആയാലും ഭയമില്ലെന്ന് ജയരാജന് പ്രതികരിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുക എന്നത് ജഡ്ജിയുടെ ഉത്തരവാദിത്വമാണ്. അതാണ് നടന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. ഗൂഢാലോചനയില്‍ വി.ഡി സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട്. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ പരാതി നല്‍കും. മുതിര്‍ന്ന നേതാക്കള്‍ കുറ്റം ചെയ്യാന്‍ അണികളെ പ്രേരിപ്പിച്ചുവെന്നും ഇ.പി ജയരാജന് വ്യക്തമാക്കി.
ശബരീനാഥന് ജാമ്യം ലഭിച്ച നടപടിയിലും ഇപി ജയരാജന് പ്രതികരിച്ചു. ജാമ്യം നല്‍കുന്നത് കോടതിയുടെ അധികാരമാണ്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമെ കോടതി പ്രവര്‍ത്തിക്കുകയുള്ളൂ. ജാമ്യം ലഭിച്ചതിനെ നേട്ടമായി കരുതുന്നവര്‍ ഇതിനെ പറ്റി ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ പരാമര്‍ശത്തിലെ തിരുത്തിനെ ‘ഇന്ന് ശരിയെന്നത് നാളെ തെറ്റാവാമെന്ന’ വാക്കുകളിലൂടെയാണ് ജയരാജന് ന്യായീകരിച്ചത്.

