മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണ്.. ഈ സംഭവത്തെ മര്‍ദനമായി കാണിച്ച് രണ്ടുപേര്‍ ജയരാജനെതിരെ ഇ മെയിലില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജന്‍ മര്‍ദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനാണ് ഇ.പി.ജയരാജനെതിരെ പരാതി നല്‍കിയതെന്ന് ബോധ്യമായതിനാല്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാരും പോലീസും ഇ പി ജയരാജനോടും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇരട്ടനീതീയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

