മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്. നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം ആരംഭിച്ചു. സ്പീക്കര്‍ ഡയസിലേക്ക് വന്നപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.’ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന് നടത്തിയത് സത്യപ്രതിജ്ഞാ ലഘനം’ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.
അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.

