സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ലീഡറുടെ രാഷ്ട്രീയ ജീവിതം ഏറെ പ്രസക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ലീഡര്‍ കെ.കരുണാകരന്റെ 104-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന സംഭവ ബഹുലമായ ജീവിതത്തിനുടമയായിരുന്നു ലീഡര്‍ കെ. കരുണാകരന്‍.ലീഡര്‍ക്കു പകരം വെക്കാന്‍ മറ്റൊരു നേതാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു ഭരണകര്‍ത്താവിന്റെ ആദ്യത്തെയും, അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.കേരളത്തിലെ വികസനത്തിന്റെ ദീപസ്തംഭങ്ങള്‍ കെ.കരുണാകരന്റെ സ്മരണ ഉണര്‍ത്തുന്നതാണ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡ് വരെ, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ കായംകുളം താപ വൈദ്യുത നിലയം വരെ. കേരളത്തിന്റെ അഭിമാനമായി നമ്മള്‍ ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ. കരുണാകരന്‍ എന്ന നേതാവിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
തൊഴിലാളികളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആത്മാര്‍ത്ഥമായ കൂറും സ്നേഹവും പ്രകടിപ്പിച്ച നേതാവാണ് അദ്ദേഹം. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഒരു പോലെ സ്നേഹിച്ച വ്യക്തമായ ദിശാബോധമുള്ള നേതാവായിരുന്നു ലീഡര്‍.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ് ലീഡര്‍. പ്രവര്‍ത്തകര്‍ക്ക് വേണ്ടി എന്തു റിസ്‌കും എടുക്കാന്‍ കഴിയുന്ന ഗുണം അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരം നേതാക്കളുടെ എണ്ണം നമുക്ക് ഇടയില്‍ കുറവാണ്. രാഷ്ട്രിയത്തില്‍ കടുത്ത പ്രതിസന്ധികളുണ്ടായപ്പോള്‍ ചിരിച്ചുകൊണ്ട് നേരിട്ട ധീരതയാണ് ലീഡര്‍ പ്രകടിപ്പിച്ചത്. ശ്രത്രുക്കളുടെ വെല്ലുവിളിയും പ്രവര്‍ത്തകരുടെ സ്നേഹലാളനവും എറ്റുവാങ്ങിയ നേതാവാണ് കെ. കരുണാകരന്‍. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും അതിലൊന്നും വസ്തുതയില്ലെന്നും ലീഡറുടെ കരങ്ങള്‍ ശുദ്ധമാണെന്നും കാലം തെളിയിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിഎസ് ബാബു സ്വാഗതം പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,രമേശ് ചെന്നിത്തല,കെ.മുരളീധരന്‍ എംപി,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,പഴകുളം മധു,എംഎം നസ്സീര്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരന്‍,പീതാംബരകുറുപ്പ്,രഘുചന്ദ്രപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭയില്‍ താല്‍ക്കാലിക ജീവനക്കാരാനായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബാലരാമപുരം എരുത്താവൂര്‍ സ്വദേശിയുമായ എല്‍.രഘുവിന് കെപിസിസി പുനഃനിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ചടങ്ങില്‍വെച്ച് പ്രസിഡന്റ് കെ.സുധാകരന്‍ കൈമാറി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശാനുസരണം ജനറല്‍ സെക്രട്ടറി ജി.സുബോധന്റെ നേതൃത്വത്തില്‍ കെഎസ്ഇബിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് വീട് പുനഃനിര്‍മ്മിക്കാനുള്ള ധനസഹായം നല്‍കിയത്.

