കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ മേഖലയില്‍ റിക്രൂട്ടിംഗിനുള്ള പുതിയ പദ്ധതിയായ അഗ്നിപഥിന് മികച്ച പ്രതികരണമെന്ന് വ്യോമസേന. പദ്ധതിക്കെതിരെ രാജ്യ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രവും, പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും, വ്യോമസേന അഗ്നിവീരന്മാര്ക്കായി നോട്ടിഫിക്കേഷന്‍ വിളിക്കുകയും ചെയ്തിരുന്നു. അപേക്ഷ വിളിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 56,960 അപേക്ഷകള്‍ ലഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു.
ഞായറാഴ്ച വരെ മൂന്നു ദിവസം കൊണ്ടാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചതെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രജിസ്ട്രേഷന് നടപടികള്‍ തുടരുകയാണ്. ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷന് അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര് അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ശനിയാഴ്ച ആരംഭിച്ചു. ജൂലൈ മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്ട്രേഷന്. കരസേനയിലെ റിക്രൂട്ട്മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.

