ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്.ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെ കുറിച്ചള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിലാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്. അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
‘മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ. ഞങ്ങളുടെ മരണത്തിന് കാരണം എന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവരാണ്. ഇവർ എന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു. എന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കി. ഇവർക്കെതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് എനിക്കറിയില്ല, എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് ഞാനും മകനും കരുതുന്നു. അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ എൻ്റെ ഭാര്യക്കൊപ്പമാണ് കഴിയുന്നത്. എൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത്. ഇത് എന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ്. ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ വേണ്ട നടപടികൾ സ്വീകരിക്കണം. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണും.’- പ്രകാശിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

