തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കൾ. കാരക്കോണം സ്വദേശി 54 വയസുള്ള സുരേഷ് കുമാറാണ് മരിച്ചത്. ശസ്ത്രക്രിയ തുടങ്ങാൻ നാല് മണിക്കൂർ വൈകിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം പരാതി നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ബന്ധുക്കൾ പറഞ്ഞു.വിഷയത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കൃത്യമായ ഊഷ്മാവിൽ , കോൾഡ് സ്റ്റോറേജ് ഒരുക്കി കൊണ്ടുവന്ന വൃക്ക 12 മണിക്കൂർ വരെ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്ർ പറയുന്നു. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്ന പരാതിയെ ആശുപത്രി അധികൃതരും ആരോഗ്യ വിദഗ്ധരും തള്ളി.വിഷയത്തിൽ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

