കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീംങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി.താൻ നിഷ്പക്ഷ നിലപാട് കാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങൾ ഒന്നും താൻ നടത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വിഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം.
സായി പല്ലവിയുടെ വിശദീകരണം
ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ എല്ലാവർക്കും മുന്നിലെത്തുന്നത് ഇതാദ്യമാണ്, എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ, സംസാരിക്കുന്നതിന് മുമ്പ് ഞാൻ രണ്ടുതവണ ചിന്തിക്കുന്നത് ഇതാദ്യമായിരിക്കും. അതുകൊണ്ട് ഞാൻ കാര്യങ്ങൾ പറയാൻ കൂടുതൽ സമയമെടുത്താൽ എന്നോട് ക്ഷമിക്കുക. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളതെന്ന് കൃത്യമായി പറഞ്ഞിരുന്നു. നമ്മൾ ആദ്യം ഒരു നല്ല മനുഷ്യനാവുകയാണ് വേണ്ടതെന്നും എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും വ്യക്തമാക്കിയിരുന്നു.”
“ഞാൻ എങ്ങനെയാണ് കാര്യങ്ങളെ കാണുന്നതെന്ന് പിന്നീട് വിശദീകരിക്കുകയുണ്ടായി. എന്നിൽ വലിയ സ്വാധീനം ചെലുത്തിയ, എന്നിൽ ട്രോമയുണ്ടാക്കിയ രണ്ട് ഉദാഹരണങ്ങള്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം കണ്ടതിന് ശേഷം അതിന്റെ സംവിധായകനോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. അന്ന് ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ അസ്വസ്ഥയായി എന്ന് പറഞ്ഞു. അതിനു ശേഷം കോവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞു. അതിന്റെ വീഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്.”

