കോട്ടയം മാടപ്പള്ളിയിലെ പൊലീസ് നടപടിയിയെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹിഷ്കരണം. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ അൽപ്പനേരത്തേക്ക് നിർത്തിവച്ചു. ചോദ്യോത്തര വേളയിലാണ് ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്
കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.
കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്.കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളിയിൽ സിൽവർ ലൈൻ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്. പിണറായി സർക്കാർ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . സിൽവർലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കുനേരെയും ലാ കോളേജ് വിദ്യാർത്ഥിനിക്കുനേരെയും ചെയ്ത അതിക്രമങ്ങൾ എടുത്തു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ലാ കോളേജ് വിഷയത്തിൽ മർദനമേറ്റവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അദ്ദേഹം വിമർശനമറിയിച്ചു.
കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും.

