കേരളത്തില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയ ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനകീയ ദുരന്ത നിവാരണ സേനക്ക് രൂപം കൊടുക്കുന്നത്. മലയോര മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി കുടുംബാംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തീരദേശ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്കായി പ്രത്യേക യൂണിഫോമും പരിശീലന സമയത്ത് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവുമൊരുക്കും. ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്നവര്‍ സേനയുടെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മത്സ്യത്തൊഴിലാളികളില്‍ അപകട മരണം സംഭവിച്ചവരുടെ ആശ്രിതര്‍ക്കായുള്ള 40 ലക്ഷം രൂപ ധനസഹായവും മന്ത്രി നിര്‍വ്വഹിച്ചു. 10 ലക്ഷം രൂപ വീതം ആശ്രിതരായ 4 പേര്‍ക്കാണ് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലയിലെ ചെറിയ പുരയില്‍ ദില്‍ഷ, പടിഞ്ഞാറെ വളപ്പില്‍ സുബൈദ മലപ്പുറം ജില്ലയിലെ ചീരാമന്റെ പുരക്കല്‍ ഹജ്ജു, കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രാവതി എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ വീതം ലഭിച്ചത്.
എസ് എസ് എല്‍ സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് തലത്തിലും വിജയം കൈവരിച്ചവരെയുമാണ് ചടങ്ങില്‍ അഭിനന്ദിച്ചത്. കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് ലഭിച്ചത് 301 വിദ്യാര്‍ത്ഥികള്‍ക്കാണ്. കായിക ഇനത്തില്‍ 18 കുട്ടികള്‍ക്കും അവാര്‍ഡ് നല്‍കി. വിദ്യാഭ്യാസ അവാര്‍ഡിനായി 12.63 ലക്ഷം രൂപയും കായിക ഇനത്തില്‍ 1,01000 രൂപയുമുള്‍പ്പെടെ 13.64 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയും 9 എ പ്ലസ് ലഭിച്ചവര്‍ക്ക് 4000 രൂപയും 8 എ പ്ലസ് ലഭിച്ചവര്‍ക്ക് 3000 രൂപയും നല്‍കി. ഓരോ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ വീതവും നല്‍കി. ദേശീയ തലത്തില്‍ കായിക ഇനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 10000 രൂപയും 8000 രൂപയും 5000 രൂപയും നല്‍കി. ദേശീയ തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്ക് 5000 രൂപയും ഗ്രൂപ്പടി സ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 8000, 5000 , 3000 രൂപ വീതവും നല്‍കി. സംസ്ഥാന തലത്തില്‍ വ്യക്തിഗത ഇനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും ഗ്രൂപ്പിസ്ഥാനത്തില്‍ 3000, 2000, 1000 രൂപ വീതവും നല്‍കി.
പ്രളയത്തിലും ഓഖി ചുഴലിക്കാറ്റിലും രക്ഷാപ്രവര്‍ത്തനം നടത്തിയതിനും കടലില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ പ്രിയേഷ് മാളിയേക്കല്‍ , കോരപ്പുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ അപകടത്തില്‍പെട്ട സുബ്രഹ്മണ്യന്‍ എന്നയാളെ ജീവന്‍ പണയം വെച്ച് രക്ഷിച്ച നൗഷാദ് എലത്തൂര്‍, കോവത്ത് നിധീഷ്, ചെറുകാട്ടില്‍ മനോജ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം സി പി രാമദാസന്‍ ,മത്സ്യ തൊഴിലാളി യൂണിന്‍ ജില്ലാ സെക്രട്ടറി വി കെ മോഹന്‍ ദാസ്, മത്സ്യ ബോര്‍ഡ് മെമ്പര്‍മാരായ എ കെ ജബ്ബാര്‍, ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ കെ ബി അനില്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ മുജീബ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വത്സരാജ്, മേഖല എക്‌സിക്യൂട്ടീവ് രേണുകാദേവി, വിവിധ മത്സ്യ തൊഴിലാളി സംഘടന പ്രതിനിധികളായ വി ഉമേശന്‍, പി പീതാംബരന്‍, രജനീഷ് ബാബു, മഞ്ചാന്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യ ബോര്‍ഡ് കമ്മീഷണര്‍ കെ കെ സതീഷ് കുമാര്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു.

