ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദനക്ക് സന്നാഹ മത്സരത്തിനിടെ പരിക്ക്. . ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ തലയിൽ കൊണ്ട സ്മൃതി റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി.
23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് സ്മൃതിക്ക് പരിക്ക് പറ്റിയത് . വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. ലഭ്യമാവുന്ന വിവരമനുസരിച്ച് സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ല മുൻകരുതലെന്ന നിലയിലാണ് താരം റിട്ടയർഡ് ഹർട്ട് ആയത്.
അതെ സമയം ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ 2 റൺസിനു വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 244 റൺസെടുത്തു. മോശം പ്രകടനങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 114 റൺസാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. . 58 റൺസെടുത്ത യസ്തിക ഭാട്ടിയയും ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദ് ആണ് പ്രോട്ടീസിനെ പിടിച്ചുകെട്ടിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ സുൻ ലൂസ് 94 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോറ വോൾവാർട്ട് 75 റൺസെടുത്തു.

