കെപിഎസി ലളിതക്ക് ആദരാഞ്ജലിയർപ്പിച്ച് സാംസ്കാരിക കേരളം.കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ എട്ട് മുതൽ 11.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്നാണ് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോവുക. തൃശൂരിൽ സംഗീത നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്മി, സരയൂ, സംവിധായകന് ബി.ഉണ്ണികൃഷ്ണന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. അമ്മയും മകനുമായി ചുരുക്കം സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യർ അനുസ്മരിച്ചു.

