കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചു. 23 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സ്കൂളുകളുടെ പ്രവര്‍ത്തനം രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സാധാരണ നിലയിൽ മാറുന്നത്. ജില്ലയില്‍ വിവിധ സ്കൂളുകളിലായി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 3,48,585 വിദ്യാര്‍ഥികളും 16,774 അധ്യാപകരും തിങ്കളാഴ്ച സ്കൂളുകളില്‍ ഹാജരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 56,903
വിദ്യാര്‍ഥികളും 2,846 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,505 വിദ്യാര്‍ഥികളും 322 അധ്യാപകരുമാണ് സ്കൂളുകളിലെത്തിയത്.
ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞ് സ്കൂള്‍ മുറ്റത്ത് എത്തിയതിന്റെയും സുഹൃത്തുക്കളെ കണ്ടതിന്റെയും സന്തോഷം കുട്ടികളിലും ആവേശമുണ്ടാക്കി. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ സ്കൂളുകളില്‍ മികച്ച ഒരുക്കങ്ങളാണ് സജ്ജമാക്കിയത്. അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ക്ലാസ് മുറികള്‍ ശുചീകരിക്കുകയും സാനിറ്റൈസര്‍, കൈകഴുകല്‍ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
കോവിഡിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്. ഇതുവരെ ഉച്ചവരെ മാത്രമായിരുന്ന ക്ലാസ്സുകള്‍ ഇനി വൈകീട്ട് വരെ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു സ്കൂളുകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുംവിധം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.

