സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെയാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ഗവണ്മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്ന് സതീശന് മനസിലാക്കണം. തന്നെ വിമര്‍ശിച്ച സിപിഎം നേതാവ് എ കെ ബാലനെതിരെയും ഗവര്‍ണര്‍ രൂക്ഷവിമര്ശനമുതിര്ത്തു. എ.കെ ബാലന് പേരിലെ ബാലനില്‍ നിന്ന് വളരാന്‍ തയ്യാറാകുന്നില്ലെന്നും ബാലിശമായാണ് പെരുമാറുന്നതെന്നും ഗവര്‍ണര്‍. ഗവര്‍ണറാകാന്‍ ആരിഫ് മുഹമ്മദ് ഖാന് യോഗ്യനല്ലെന്നായിരുന്നു വി.ഡി സതീശന്റെ മറുപടി.
സതീശന് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും കണ്ട് പഠിക്കണം;സര്‍ക്കാരിനെയും കടന്നാക്രമിച്ച് ഗവര്‍ണർ

