ലോകായുക്ത കഴിഞ്ഞ ദിവസം നടത്തിയ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി കെ.ടി ജലീൽ. പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രസ്താവനക്ക് പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യമെന്ന് ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടമെന്നായിരുന്നു പരിഹാസം.പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് ലോകായുക്ത ജലീലിനെ വിമർശിച്ചിരുന്നു. അതിനാണ് ജലീൽ മറുപടി നൽകിയിരിക്കുന്നത്.
ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം;
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.
കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.

