പെരുമ്പാവൂർ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ(28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്സിലിന് ഫോൺ വന്നത് സംസാരിക്കാനായി പുറത്തിറങ്ങിയ അന്‍സിലിനെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം വെട്ടിയത്. അക്രമികൾ ഫോൺ വിളിച്ച് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
പുലര്‍ച്ചെയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. മരിച്ച അന്‍സിലും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു.
അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. കഴിഞ്ഞ ദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ വാഹനം പുറത്തേക്കിടുകയും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

