സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ഏഴ് ജില്ലകളില്‍ രാവിലെ 8.30 മുതൽ 12 വരെയും എറണകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാർ പൂർണ്ണമായും പരിഹരിക്കുന്നതു വരെ ക്രമീകരണം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു . സെർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത്. സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്. വർഷങ്ങളായുള്ള ഈ സാങ്കേതിക പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ പലതവണ ആവശ്യപ്പെട്ടു. പക്ഷെ കാര്യമായ ഇടപെടൽ ഭക്ഷ്യവകുപ്പിൽ നിന്ന് ഉണ്ടായില്ല.

