മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് എംഎൽഎയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാർ.
സംഭവമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ ആഘോഷം നിർത്തി വെച്ചു. പിടി തോമസിനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിടി തോമസ് മരിച്ച വ്യാഴാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നതെന്നും പിടിയുടെ മരണം മൂലം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നെന്നുമാണ് ജീവനക്കാർ പറയുന്നത്.
അതേസമയം സംസ്കാര ദിവസം തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷിച്ച സംഭവത്തിൽ കെപിസിസി തൃശൂർ ഡിസിസിയോട് വിശദീകരണം തേടി.വ്യാഴാഴ്ച്ച രാവിലെയായിരുന്നു ആഘോഷം.കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ അലങ്കാരം ഒരുക്കി.കേക്ക് മുറിച്ചും ആഘോഷിച്ചു. പിടിയുടെ മരണത്തിൽ ദുഃഖം ആചരിക്കുന്നതിനിടെയാണ് ആഘോഷം നടന്നത്. പിടിയോടുള്ള ആദര സൂചകമായി പലയിടത്തും ക്രിസ്തുമസ് ആഘോഷം ഒഴിവാക്കിയിരുന്നു. അതിനിടെയാണ് കോൺഗ്രസ് കൗൺസിലർമാരുടെ ആഘോഷമുണ്ടായത്. ഇത് വിവാദമായതോടെയാണ് കെപിസിസി വിശദീകരണം തേടിയത്.

