ദില്ലിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായും ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനാണ് കർമ്മ സമിതി രൂപീകരിച്ചത്.
ദില്ലിയിലെ വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയിൽ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. നടപടികൾ കോടതി നിരീക്ഷിക്കും എന്നും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സ്കൂളുകൾ തുറന്ന ദില്ലി സർക്കാരിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെ ദില്ലിയിലെ സ്കൂളുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് ദില്ലി പരിസ്ഥിതി മന്ത്രി അറിയിച്ചു. മലിനീകരണം നടയാൻ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കോടതി.

