വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് വ്യത്യസ്തരീതിയിൽ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്.മണ്ണാർക്കാടാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ ഓഫീസിൽ നിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയക്കുകയും പുറത്ത് പോയി പേപ്പർ വാങ്ങാൻ അധികൃതർ പറയുകയും ചെയ്തു.ഇതിന് പിന്നാലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. പേപ്പറില്ലെന്ന് പറഞ്ഞ ഓഫീസിലേക്ക് പ്രസിഡന്റ് ഒരു ബണ്ടിൽ പേപ്പറും 20 പേനകളും എത്തിച്ചു നൽകി.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ഒരു കിടപ്പ് രോഗിക്ക് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ എ ഫോർ ഷീറ്റ് ചോദിച്ചത്. ഓഫീസ് രണ്ടാം നിലയിലായിരുന്നതിനാല്‍ കൂടെയുള്ള ഡ്രൈവറെ ആവശ്യമായ രേഖകളുമായി പറഞ്ഞുവിട്ടു. എന്നാല്‍ അപേക്ഷ എഴുതാന്‍ വെള്ളപേപ്പര്‍ ചോദിച്ചപ്പോഴാണ് പുറത്ത് പോയി വാങ്ങിവരാന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞത്.
ഇതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റ് പേപ്പറും പേനയും എത്തിച്ചത്. സാധാരണക്കാരോടും ഭിന്നശേഷിക്കാരോടുമൊക്കെ സർക്കാർ സംവിധാനങ്ങൾ എത്ര മോശമായാണു പെരുമാറുന്നതെന്നതിന് തെളിവാണ് തനിക്കുണ്ടായ അനുഭവമെന്ന് സലീം പറഞ്ഞു. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാനാണു തന്റെ വേറിട്ട പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ കെ പി എം സലീം
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എൻ്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രൈൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എൻ്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.നിർഭാഗ്യവശാൽ ഒരു A4 ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല.(എൻ്റെ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.
തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.ജനാധിപത്യത്തിൻ്റെ മധുരം പാവങ്ങൾക്ക് എന്നാണനുഭവിക്കാൻ കഴിയുക.
ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല;കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല.
ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.

