ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിളിൽ പുറത്ത് വന്നിരുന്നു. . അരുണാചൽ പ്രദേശിൽ തർക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെൻ്റഗൺ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് സ്ഥിരീകരിച്ച് അരുണാചൽ സർക്കാരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ചൈന ഗ്രാമം ഉണ്ടക്കിയെന്നും ഇപ്പോളത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം.
തർക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമം ഉണ്ടാക്കി പ്രദേശം കൈ അടക്കാനുള്ള നീക്കമാണെന്ന് പെൻറഗൺ പറയുന്നു . ഇന്ത്യയും ചൈനയും വൻ സൈനിക സന്നാഹം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും തുടരുന്നതിലെ ആശങ്കയും റിപ്പോർട്ട് പ്രകടിപ്പിക്കുന്നു. അതിർത്തിയിലെ തർക്കം ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ചേർന്ന കമാൻഡർതല ചർച്ച വിജയിച്ചിരുന്നില്ല. ചൈന പിൻമാറ്റത്തിന് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണ്.
50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാർത്ഥ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്.
സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

