വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
2021- 22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയ്യതി നവംബര്‍ 30. അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in.
ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിങ്: മെരിറ്റ് ലിസ്റ്റും വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
കോഴിക്കോട് ബീച്ചിലെ ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ 2021 വര്‍ഷത്തില്‍ ജനറല്‍ നേഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ മെരിറ്റ് ലിസ്റ്റും വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളില്‍ സ്‌കൂളില്‍നിന്നും പരിശോധിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് മൂന്ന് മണിക്കകം പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിക്കണം. ഫോണ്‍: 0495 2365977.
തൈ നടല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തൈ നടല്‍ പരിപാടി നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദം ചെറുവട്ടൂര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവ്, മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ബൈജു എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ പി, പി.ആര്‍.ഒ അസീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വാഴക്കാട് ജി.വി.എച്ച്.എസ്.എസ് – എന്‍.എസ്.എസ് യൂണിറ്റ്, അധ്യാപകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു
അപേക്ഷ ക്ഷണിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗ വിഭാഗം, നെഞ്ചു രോഗ വിഭാഗം, മാനസിക രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ ആവശ്യമുളളത്. താല്‍പര്യമുളളവര്‍ https://bit.Iy/3jsoAJz ലിങ്കില്‍ കയറി ഗൂഗിള്‍ ഫോമില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം.
വ്യാഴാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുളള കണ്‍സള്‍ട്ടേഷന്‍ സമയമാണ് ഒരു ഡ്യൂട്ടി സമയമായി പരിഗണിക്കുന്നത്. ഒരു ഡ്യൂട്ടിക്ക് 2000 രൂപയാണ് ഹോണറേറിയം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വന്തം കമ്പ്യൂട്ടര്‍/ലാപ്‌ടോപ് ഉപയോഗിച്ച് അവരവരുടെ വീടുകളില്‍ ഡ്യൂട്ടിക്ക് ഹാജരാകാം. നിയമനം 2022 മാര്‍ച്ച് 31 വരെ ആയിരിക്കും, അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. അപേക്ഷ വൈകീട്ട് ഒക്ടോബര്‍ 31 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.
സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍: 0495 – 2767606, 9400068511
.
ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം 25 മുതല്‍
ജില്ലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധം ഒരുക്കുവാന്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച കരുതലോടെ മുന്നോട്ട്് പദ്ധതിയിലൂടെ ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ തിയ്യതികളില്‍ നടക്കും. കോവിഡ് പ്രതിരോധം ശക്തമാക്കാനും സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് കരുത്ത് പകരുന്നതിനുമാണ് ഹോമിയോപ്പതി വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിലും പ്രത്യേകം തയ്യാറാക്കിയ കിയോസ്‌ക്കുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രക്ഷിതാക്കള്‍ക്ക് മരുന്നിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ സമയത്ത് തിരഞ്ഞെടുത്ത സ്ഥാപനം വഴി നിശ്ചിത സമയത്ത് മരുന്ന് നേരില്‍ ഹാജരായി കൈപ്പറ്റാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനായി https://ahims.kerala.gov.in എന്ന രജിസ്ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആധാര്‍ നമ്പരും ഫോണ്‍ നമ്പരും നല്‍കി സ്ഥാപനത്തില്‍ സ്പോട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ ഐഡി ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യാം. പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ഡോ. ശ്രീലേഖ ടി. വൈയും വിദ്യാഭ്യാസ വകുപ്പിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്ടായി സുരേഷ്‌കുമാര്‍ പുതിയപുരയില്‍ പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍ എന്‍.എച്ച്.എം./ എസ്.സി ഡിസ്പന്‍സറികള്‍ മുഖാന്തിരവും പ്രത്യേകം തയ്യാറാക്കിയ കിയോസ്‌ക്കുകള്‍ മുഖാന്തിരവും ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭ്യമാവുമെന്നും ഡി.എം.ഒ അറിയിച്ചു. പൊതുജനങ്ങള്‍ക്കായുളള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800-599-2011.
അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ്
നന്മണ്ട പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഒക്ടോബര്‍ 25,26 തീയ്യതികളില്‍ നന്മണ്ട പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ക്യാമ്പില്‍ ഹാജരാകുന്നവര്‍ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വരണം. 2020 അ ക്വാര്‍ട്ടര്‍ മുതല്‍ കുടിശ്ശികയായവ ഫൈന്‍ കൂടാതെ മുദ്ര ചെയ്യാമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2374203.
സീറ്റൊഴിവ്
എളേരിത്തട്ട് ഇ.കെ.എന്‍.എം ഗവ. കോളേജില്‍ എം.എ അപ്ലേഡ് ഇക്കണോമിക്സ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ (ജനറല്‍-2, എസ്‌സി -2, മുസ്ലീം-1, പിഡബ്ല്യൂഡി -1) ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിക്കകം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും ഉണ്ടായിരിക്കണം. അപേക്ഷകര്‍ എളേരിത്തട്ട് ഗവ. കോളേജ് ഓപ്ഷന്‍ നല്‍കിയവരാകണം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 27നും, 28നും അപേക്ഷകര്‍ കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്ത എസ്‌സി/എസ് ടി വിഭാഗക്കാര്‍ക്ക് മാത്രം പുതുതായി യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഫോണ്‍: 0467 2241345.
ലോട്ടറി കടകളില്‍ പരിശോധന
ജില്ലയില്‍ ലോട്ടറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ചുചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തി. കോഴിക്കോട് പുതിയ സ്റ്റാന്റ,് പാളയം എന്നിവിടങ്ങളിലെ ലോട്ടറി കടകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. 12 സീരിസിലാണ് സര്‍ക്കാര്‍ ടിക്കറ്റ് അടിച്ചിറക്കുന്നത്. ഇതില്‍ അവസാന നാല് നമ്പറുകള്‍ ചേര്‍ത്ത സെറ്റാക്കി 12 ല്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പരാധി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി. ജമീല, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എ ഷേര്‍ളി, ക്ലാര്‍ക്ക് ബിനീത്, സീമ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
അനധികൃത ലോട്ടറി വില്‍പ്പന- ഏജന്‍സി റദ്ദാക്കും
അനധിക്യത ലോട്ടറി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടല്‍ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.പി ജമീല അറിയിച്ചു. പേപ്പര്‍ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. പരാതികള്‍ 18004258474 നമ്പറില്‍ അറിയിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 26ന് രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികയിലേക്ക് കൂടികാഴ്ച നടത്തുന്നു.
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഡ്രൈവര്‍ (യോഗ്യത: പ്ലസ്ടു, ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്), വെല്‍ഡര്‍ (യോഗ്യത: പ്ലസ്ടു, വെല്‍ഡിംഗില്‍ തൊഴില്‍ പരിചയം), സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍ (യോഗ്യത: ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍) സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ / ട്രെയിനി (യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം), സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു/ ബിരുദം) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം.പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0495 2370176.
ഗവ.വനിതാ പോളിടെക്നിക്കില്‍ സ്പോട് അഡ്മിഷന്‍
മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 25 ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക്ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ ആളുകള്‍ക്കും രാവിലെ 9.30 മുതല്‍ 11 മണി വരെ രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശനസമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പി.ടി.എ ഫണ്ടായി 1500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്
ലേലം നവംബര്‍ രണ്ടിന്
പൊതുമരാമത്ത് വകുപ്പിന് കീഴിലെ പുതിയങ്ങാടി – ഉളേള്യരി – കുറ്റ്യാടി – ചൊവ്വ റോഡില്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണിയായതും റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായും മുറിച്ചു മാറ്റേണ്ട 6 മഴ മരങ്ങള്‍ ലേലം ചെയ്യുന്നു. നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് പാവങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്താണ് ലേലം. ഫോണ്‍: 0495 2724727.
ഗതാഗതം നിയന്ത്രണം
ജില്ലയില്‍ ദേശീയപാത 766 ല്‍ പുല്ലാഞ്ഞിമേടില്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഒക്ടോബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുല്ലാഞ്ഞിമേടില്‍ നിന്നും കന്നൂട്ടിപ്പാറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം – കോരങ്ങാട് ചുണ്ടപ്പുറം വഴിയോ പെരുമ്പളളി വഴിയോ തിരിഞ്ഞുപോകണം.
ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും- പരിശീലനം 27 ന്
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 27 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. 0491 2815454 നമ്പറിലേക്ക് വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയരക്ടര്‍ അറിയിച്ചു.
സ്പോട് അഡ്മിഷന്‍
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ വിവിധ പി.ജി കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷന്‍ നടത്തുന്നു. എം.എസ്.സി ഇലക്ട്രോണിക്സ് – 2, എം.എ ഇംഗ്ലീഷ്- 3, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് – 5, എം.കോം 3.
ഒക്ടോബര്‍ 26 ന് ഒരു മണിവരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. കണ്ണൂര്‍ സര്‍വകലാശാല പി.ജി അപേക്ഷയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവിധ കാരണങ്ങള്‍കൊണ്ട് അലോട്ട്മെന്റില്‍നിന്ന് പുറത്തായവര്‍ക്കും പ്രവേശനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.
സർക്കാർ ഡയറി: തിരുത്തലുകൾ 30 നകം അറിയിക്കണം
2022 ലെ സർക്കാർ ഡയറിയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളും തിരുത്തലുകളും 30 നകം keralagovernmentdiary@gmail.com ൽ വകുപ്പുകൾ അറിയിക്കണം. കരട് ഡയറി www.kerala.gov.in ലും www.gad.kerala.gov.in ലും പരിശോധിക്കാം.
ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ ‘Transfer Allotment Results’ എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് കാണാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്സിൽ 26 ന് വൈകുന്നേരം നാല് മണിക്ക് മുൻപ് സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.
ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികൾ ആരംഭിക്കും. ഈ ഘട്ടത്തിൽ ഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതിയ അപേക്ഷ നൽകാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.
വനിത പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 25 ന് നടക്കും.
രാവിലെ 9 – 10 മണിക്ക് ഒന്നു മുതൽ 50,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1), 10 – 11 മണിക്ക് 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 14 ന് സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഉദ്ഘാടന സമ്മേളനത്തിൽ സഹകരണം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. എം പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ജില്ലയിലെ എം എൽ എ മാർ, ജനപ്രതിനിധികൾ, പ്രമുഖ സഹകാരികൾ എന്നിവർ സംബന്ധിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ -സെക്രട്ടറി അനിത റ്റി ബാലൻ നന്ദിയും പറയും.
സഹകരണ മേഖല : പ്രശ്നങ്ങളും പ്രതിവിധികളും എന്ന പേരിൽ നടക്കുന്ന സെമിനാർ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ്് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ് മോഡറേറ്ററായിരിക്കും. കരകുളം കൃഷ്ണപിള്ള, സി പി ജോൺ, എ പ്രതാപചന്ദ്രൻ എന്നിവർ ചർച്ച നയിക്കും. സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗം കെ രാജഗോപാൽ സ്വാഗതവും സെമിനാർ കമ്മിറ്റി കൺവീനർ കെ. രാജേന്ദ്രൻ നന്ദിയും പറയും. നവംബർ 20ന് കോഴിക്കോട് നടക്കുന്ന സമാപന സമ്മേളനം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ സംസ്ഥാനത്ത മുഴുവൻ സർക്കിൾ യൂണിയനുകളിലും വാരാഘോഷവും സെമിനാറും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന നവംബർ 14 ന് കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്ക്് മുന്നിലും സഹകരണ പതാക ഉയർത്തുന്നതിനൊപ്പം വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും.
വിജിലൻസ് ബോധവത്ക്കരണ വാരം
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിജിലൻസ് ബോധവത്ക്കരണ വാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കവടിയാർ ജംഗ്ഷനിൽ നിന്ന് കനകക്കുന്ന് കൊട്ടാരത്തിലേക്ക് 26 ന് രാവിലെ ഏഴ് മണിക്ക് വാക്കത്തോൺ നടക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

