സ്‌പോട്ട് അഡ്മിഷൻ
സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ, എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.
വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസിൽ ജനറൽ കാറ്റഗറിയിൽ ഏഴും, എസ് ഇ ബി സി കാറ്റഗറിയിൽ ഒന്നും എസ്‌സി/എസ്ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്.
സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ജനറൽ കാറ്റഗറിയിൽ നാലും, എസ് ഇ ബി സി കാറ്റഗറിയിൽ രണ്ടും എസ്‌സി/ എസ്ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്.
വിദ്യാർഥികൾ ഒക്ടോബർ 26നു വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷഫോമിനും: www.erdciit.ac.in. ഫോൺ: 0471-2723333 -250, 8547897106.
അഭിമുഖം 25ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താൽക്കാലിക ഒഴിവിൽ അഭിമുഖം ഒക്ടോബർ 25ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. റ്റി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 23, 25 തീയതികളിൽ നടക്കും.
23 ന് 9 മുതൽ 10 വരെ 1 മുതൽ 35,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) എത്തണം. 11 മുതൽ 12 വരെ 35,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ റിസർവേഷൻ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) എത്തണം.
25 ന് 9 മുതൽ 10 വരെ 35,001 മുതൽ 45,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2), 11 മുതൽ 12 വരെ 45,001 മുതൽ 55,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2), ഒന്ന് – രണ്ട് മണിക്ക് 55,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാവരും (സ്ട്രീം 2) എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, gptcnta.ac.in, 9446075515, 9446903873.
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ നവംബർ 5 നകം ലഭിക്കണം.
അപേക്ഷകർ ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ്‌കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in, 0471 2528575.
ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.keralawomenscomission.gov.in ൽ ലഭിക്കും. പ്രൊപ്പോസലുകൾ 28 നകം ലഭിക്കണം.
ഹാർബർ എൻജിനിയറിങ്ങിൽ ഇന്റേണുകൾ
ഹാർബർ എൻജിനിയറിങ് വകുപ്പിൽ വിവിധ കാര്യാലയങ്ങളിൽ സിവിൽ (ഡിസൈൻ)-2, സിവിൽ (വർക്ക്‌സ്)-16, ഇലക്ട്രിക്കൽ-2 എന്നിങ്ങനെ ഇന്റേണുകളെ നിയമിക്കുന്നു.
സിവിൽ (ഡിസൈൻ) എം.ടെക് സ്ട്രക്ചറൽ എൻജിനിയറിങ്, സിവിൽ (വർക്ക്‌സ്) ബി.ടെക് സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടാകണം. പ്രതിമാസം 12,500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12നകം ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം പിൻ-695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബഹ്‌റിനിൽ തുടർ പഠനത്തിന് പിതാവ് എൻ.ഒ.സി നൽകണം: ബാലാവകാശ കമ്മീഷൻ
ബഹ്‌റിനിലെ ഏഷ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് തുടർ പഠനത്തിന് എൻ.ഒ.സി നൽകാൻ കുട്ടിയുടെ പിതാവ് മനു വർഗീസിനോട് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛൻ, അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും നാട്ടിലുപേക്ഷിച്ച് ബഹ്‌റിനിലെ സ്‌കൂളിൽ പഠിക്കാനുള്ള അവസരം നിഷധിച്ചതായുള്ള കുട്ടിയുടെ പരാതി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മനു വർഗീസ് ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ കുട്ടിക്ക് എൻ.ഒ.സി നൽകണം. കുട്ടിയോടൊപ്പം ബഹ്‌റിനിൽ പോകുന്നതിനുള്ള വിസ ആവശ്യങ്ങൾക്ക് അമ്മയ്ക്ക് എൻ.ഒ.സി ഇ-മെയിലായും നൽകണം. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യ രാഷ്ട്രസഭ നടത്തിയ പ്രഖ്യാപനം ബഹ്‌റിൻ അംഗീകരിച്ചിട്ടുള്ള താണ്. ഉത്തരവ് അനുസരിക്കാൻ മനു വർഗീസ് തയ്യാറായില്ലെങ്കിൽ കുട്ടിക്ക് അമ്മയ്‌ക്കൊപ്പം ബഹ്‌റിനിൽ പോകാനും തുടർ പഠനത്തിനുള്ള എൻ.ഒ.സി ഉൾപ്പെടെ ലഭ്യമാക്കാനും ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. ഇതിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി.
ക്ഷേത്രജീവനക്കാരുടെ പുതുക്കിയ ശമ്പളം നവംബര്‍ മുതല്‍
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ പുതുക്കിയ ശമ്പളം നവംബര്‍ മുതല്‍ ലഭിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ക്ഷാമബത്ത സംബന്ധിച്ചുള്ള അവ്യക്തതയും ചില സ്‌കെയിലുകളിലുണ്ടായ അനോമലിയും കാരണമാണ് ഏപ്രില്‍ മാസം നിലവില്‍ വന്ന ശമ്പളപരിഷ്‌ക്കരണം നീണ്ടുപോകാന്‍ ഇടയായത്. ഫിക്സേഷന്‍ റൂളും പ്രാബല്യ തീയതിയും സംബന്ധിച്ച് സര്‍ക്കാരില്‍നിന്നും വ്യക്തത ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ശമ്പളം (നവംബര്‍ ഒന്നിന് ലഭിക്കുന്നത്) പുതുക്കിയ നിരക്കില്‍ ലഭിക്കും. ശമ്പള പരിഷ്‌ക്കരണത്തിന് 2019 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും. ശമ്പളപരിഷ്‌ക്കരണം നീണ്ടുപോയതിന്റെ പേരിലുള്ള നഷ്ടം പരിഹരിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രത്യേക ക്ഷാമബത്ത സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് പുതുക്കിയ ക്ഷാമ ബത്തയായി ലഭിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
ക്യാഷ് അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ ഉന്നത വിജയം കരസ്ഥമാക്കിയ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ / ഐ.സി.എസ്.ഇ യില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ കരസ്ഥമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടേയും ഗ്രേഡ് ഷീറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, അംഗത്തിന്റെ ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. അവസാന തീയ്യതി ഒക്ടോബര്‍ 31. ഫോണ്‍: 0495 2372434.
ഐ.ഐ.ഐ.സി സ്പോട് അഡ്മിഷന്‍
കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷ (ഐ.ഐ.ഐസി)നിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ ചേരാന്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്കായി ഒക്റ്റോബര്‍ 22നും 23നും വടകരയിലും 24നു കോഴിക്കോട്ടും സ്പോട് അഡ്മിഷന്‍ നടത്തും.
മടപ്പള്ളി സ്‌കൂളിനു സമീപം വാഗ്ഭടാനന്ദ ഹാളിലാണ് (മടിത്തട്ട്) വടകരയിലെ കേന്ദ്രം. കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് കാരപ്പമ്പ് യു.എല്‍ സെന്റര്‍ ഓഫ് എക്സലന്‍സിലും നടക്കും. ഡെപ്യൂട്ടി ഡയരക്റ്റര്‍ കമാന്‍ഡര്‍ വിനോദ് ശങ്കര്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അഫയേഴ്‌സ് മേധാവി ഡോ. പ്രദീപ് സുന്ദരേശന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഐ.ഐ.ഐസിയുടെ നടത്തിപ്പ് ചുമതല.
കോഴ്സുകളും അടിസ്ഥാനയോഗ്യതയും: മൂന്നു മാസം ദൈര്‍ഘ്യമുള്ള ടെക്‌നിഷ്യന്‍ പരിശീലന പരിപാടികള്‍- പ്ലംബര്‍ ജനറല്‍ ലെവല്‍ 4 (പത്താം ക്ലാസ്), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 (പത്താം ക്ലാസ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്‌നിഷ്യന്‍ ലെവല്‍ 4 (പത്താം ക്ലാസ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ 3 (അഞ്ചാം ക്ലാസ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്സര്‍ (അഞ്ചാം ക്ലാസ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്).
ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍- ക്വാളിറ്റി ടെക്‌നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്‍മാന്‍ ലെവല്‍ 5 (പ്ലസ്ടു), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി.എ ജോഗ്രഫി, ബി.ടെക് സിവില്‍).ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍-അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (പ്ലസ് ടു).
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാനേജീരിയല്‍ പരിശീലനങ്ങള്‍- പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ബിടെക് സിവില്‍ /ബി ആര്‍ക്ക്), പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്), പി.ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ് (ബിരുദം), പി.ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്‌മെന്റ് (ബിരുദം).
പ്രവേശനത്തിനായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അഞ്ഞൂറുരൂപ രജിസ്ട്രേഷന്‍ ഫീസ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് – 8078980000, 9188524845; വെബ്സൈറ്റ്: www.iiic.ac.in.
വിത്തുകളും തൈകളും വില്‍പനയ്ക്ക് ഒരുങ്ങി
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വേങ്ങേരിയിലുള്ള കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ അവോക്കാഡോ, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക് എന്നീ തൈകളും, വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വില്‍പനയ്ക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04952935850.
ഓണ്‍ലൈന്‍ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഒക്ടോബര്‍ 27ന് ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്നു.
ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന തേങ്ങ അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിങ് രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7403180193 എന്ന നമ്പറില്‍ ബന്ധപെടാവുന്നതുമാണ്.
കോവിഡ് ധനസഹായം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ അനുവദിക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.lc.kerala.gov.in എന്ന സൈറ്റില്‍ എത്രയും പെട്ടെന്ന് അപേക്ഷിക്കണം. അപേക്ഷ തിയ്യതി ഒക്ടോബര്‍ 27. ഫോണ്‍: 0495 2372434.
സ്‌കൂള്‍ തുറക്കല്‍: രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍
സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാം ഡോസെടുക്കാന്‍ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം.
കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസ് എടുത്തവര്‍ക്ക് 84 ദിവസങ്ങള്‍ക്ക് ശേഷവും കോവാക്സിന്റെ ഒന്നാം ഡോസെടുത്തവര്‍ക്ക് 28 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായാല്‍ മൂന്ന് മാസത്തിന് ശേഷം വാക്സിനെടുക്കാം. എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിന്‍ ലഭ്യമാണ്.
ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 93 ശതമാനം ആളുകള്‍ ഒന്നാം ഡോസും 46 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. രണ്ട് ഡോസും എടുത്താല്‍ മാത്രമേ കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ട് ഡോസും എടുത്തവരില്‍ കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. രണ്ട് ഡോസും പൂര്‍ത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഒക്ടോബര്‍ 21) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ജില്ലയില്‍ ഒക്ടോബര്‍ 22,23,25 തിയതികളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021-
ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു
ഗ്രാമീണമേഖലയിലെ ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യസംസ്‌കരണ മികവും വിലയിരുത്തുന്ന സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021 (എസ്.എസ.്ജി) സര്‍വെ സംബന്ധിച്ച ഓണ്‍ലൈന്‍ ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) വിജയകരമായ രീതിയില്‍ പഞ്ചായത്തുകളില്‍ എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജീഷ് സി.കെ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് നിര്‍വ്വഹണോദ്യോഗസ്ഥര്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക്തല എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലേലം
സംസ്ഥാന നിര്‍മ്മിതി കേന്ദ്രം തിരുത്തിയാട് സെന്ററിനു കിഴിലുള്ള കലവറ വഴി 8 എംഎം കമ്പിയുടെ ലേലം നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക നടത്തുമെന്ന് റീജ്യണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2772394, 8111882869.
കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം
കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം സന്ദര്‍ശിക്കാം. ഒക്ടോബര്‍ 23ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കര്‍ഷകര്‍ക്ക് സസ്യങ്ങളുടെ കേടുവന്ന ഭാഗവുമായോ വ്യക്തമായ ഫോട്ടോയുമായോ സര്‍വകലാശാല സെന്റര്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2935850.
സ്‌കൂള്‍ വാഹനങ്ങളുടേ ഫിറ്റ്നസ് ടെസ്റ്റ് 23 ന്
കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ പരിധിയിലുളള എല്ലാ സ്‌കൂള്‍ വാഹനങ്ങളുടേയും ഫിറ്റ്നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളില്‍ ഉളളതു കൂടാതെ ഒക്ടോബര്‍ 23 കോഴിക്കോട് ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കു മാത്രം പ്രത്യേകമായി നടത്തും. വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്തതിനുശേഷം മാത്രമേ വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കുവാന്‍ പാടുളളൂ. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കാതെയും കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികള്‍ ഇതിനു ഉത്തരവാദികളായിരിക്കുമെന്നും റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍
2021-22 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ബിരുദ,ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മഞ്ചേശ്വരം (04998-215615, 8547005058), ഇരിട്ടി (0490-2423044, 8547003404) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ അതത് കോളേജുകളില്‍ രാവിലെ 10 മണി മുതല്‍ വാങ്ങി സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഫീസ് ബിരുദ കോഴ്സുകള്‍ക്ക് 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ). ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ). വിശദവിവരങ്ങള്‍ www.ihrd.ac.in ലഭ്യമാണ്.
മരം ലേലം
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജ് കാമ്പസില്‍ വീണു കിടക്കുന്ന ഒരു തേക്ക് മരം നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത്് പരസ്യമായി ലേലം ചെയ്യും. തേക്ക് മരത്തിന്റെ അടിസ്ഥാന വില 27000 രൂപ. ക്വട്ടേഷനുകള്‍ നവംബര്‍ രണ്ട് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370714.
വഖ്ഫ് രജിസ്ട്രേഷന്‍ അദാലത്ത് 23ന്
കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ രജിസ്്ട്രേഷന്‍ അദാലത്ത് 23 ന്് മലയാള മനോരമ ഓഫീസിന് സമീപത്തെ സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുമെന്ന് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. വഖ്ഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും.
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ വഖ്ഫ്് സ്ഥാപനങ്ങളുടെ രജിസ്്ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്് വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. രജിസ്്ട്രേഷന്‍ പൂര്‍ത്തിയായ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ വിതരണം ചെയ്യുകയും ന്യൂനതകള്‍ പരിഹരിച്ച് നിലവിലുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുമാണ്്. നാളിതുവരെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കുന്നതാണ്.
കൊയിലാണ്ടി നഗരസഭയിലെ സ്‌കൂളുകളില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി നഗരസഭയിലെ സ്‌കൂളുകളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടിയുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.
എല്ലാ വിദ്യാലയങ്ങളിലും മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. പുതിയ പി.ടി.എ കമ്മിറ്റികളും രൂപീകരിച്ചു. ക്ലാസ് പി.ടി.എ കള്‍ നടത്തി രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തിയിട്ടുണ്ട്. ആരോഗ്യ ക്ലാസുകളും ആസൂത്രണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പരിസരം ശുചീകരിക്കുന്നതിന് നഗരസഭാ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തി.
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചിത്വപരിശോധന നടത്തുകയും എല്ലാ സ്‌കൂളുകളിലേക്കും ടോയ്‌ലെറ്റ് കിറ്റുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. തിരികെ സ്‌കൂളിലേക്ക് എന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, പി.ടി.എ, എസ്.എസ്.ജി, എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം നഗരസഭയില്‍ നടന്നു വരുന്നുണ്ട്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍
ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ചേര്‍ന്നു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (വിദ്യാഭ്യാസ അവകാശനിയമം 2009) നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്നു. ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും യോഗത്തില്‍ നടന്നത്. സ്‌കൂളുകളുടെ സുരക്ഷാ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്ററിംഗ് നടത്താത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദ്ദേശമുണ്ട്. മാനേജര്‍മാരുമായി തര്‍ക്കമുള്ള കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും അറ്റകുറ്റപണികള്‍ നടത്തി സജ്ജമാക്കണം. ഇത്തരം കെട്ടിടങ്ങളില്‍ വൈദ്യുതിയില്ലെങ്കില്‍ പ്രധാനധ്യാപകരുടെ പേരിലെടുക്കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വൈദ്യുതി കണക്ഷനെടുക്കാവുന്നതാണെന്ന് നിര്‍ദ്ദേശമുണ്ട്.
പട്ടികജാതി വകുപ്പ് വഴി അനുവദിച്ച പഠനമുറികള്‍ തുടര്‍ന്നും ഈ ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ വകുപ്പ് പരിശോധന നടത്തണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.സ്‌കൂള്‍ ബസുകള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കണം. സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തതും യാത്രാക്ലേശമുള്ളതുമായ പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകള്‍ സംബന്ധിച്ച നടപടികള്‍ എപ്രകാരമായിരിക്കണമെന്നത് സംബന്ധിച്ച് സ്ഥാപനമേധാവികള്‍ക്കും അധ്യാപകര്‍ക്കും വ്യക്തമായ ബോധവല്‍ക്കരണം നല്‍കുന്ന കാര്യത്തില്‍ കമ്മിഷന്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് ചര്‍ച്ച ക്രോഡീകരണം നടത്തിയ കമ്മിഷന്‍ രജിസ്ട്രാര്‍ പി വി ഗീത പറഞ്ഞു. സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിശോധിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടെങ്കില്‍ അത് ഗുരുതര വീഴ്ചയാണ്. പട്ടിക വര്‍ഗ വകുപ്പിലെ ഗോത്ര സാരഥി പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യമെങ്കില്‍ വകുപ്പിന് ഇടപെട്ട് ചെയ്യാം. നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം ചുമതല അവസാനിക്കുന്നില്ല. അതിന്റെ തുടര്‍ച്ച എങ്ങനെയാണെന്ന് പരിശോധിക്കുകയും ചെയ്യണമെന്നും രജിസ്ട്രാര്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ വകുപ്പടക്കമുള്ള മറ്റു വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. മിക്ക തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയും ചിലയിടങ്ങളില്‍ പുരോഗമിക്കുകയുമാണ്. ടോയ്‌ലറ്റുകള്‍, കുടിവെള്ള ഗുണനിലവാര പരിശോധന, സ്‌കൂള്‍ പരിസരം തുടങ്ങിയവ സംബന്ധിച്ചും മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്.
ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം വിഷയമവതരിപ്പിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ്, എസിപി ടി പി ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിഷന്‍ രജിസ്ട്രാര്‍ പി വി ഗീത ചര്‍ച്ച ക്രോഡീകരണം നടത്തി. കമ്മിഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ് സ്വാഗതവും ജില്ലാ ശിശു സംരക്ഷണ സമിതി പ്രൊട്ടക്ഷന്‍ ഓഫീസര്‍ പാര്‍വതിഭായ് നന്ദിയും പറഞ്ഞു.

