ചേന്ദമംഗലൂർ: പ്രളയം നിമിത്തം ദുരിതക്കയത്തിലായ ചേന്ദമംഗലൂർ നിവാസികൾക്ക് വിദ്യാർഥികളുടെ കൈത്താങ്ങ് !
മുക്കം നഗരസഭയിൽ ഏറ്റവും കൂടുതൽ പ്രളയബാധിതരുള്ള ചേന്ദമംഗലൂർ പ്രദേശത്ത് വിദ്യാർഥികൾ നടത്തിയ സേവന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചു.
ചേന്ദമംഗലൂർ അങ്ങാടി, മംഗലശേരി തോട്ടം, പുൽപറമ്പ്, തെയ്യത്തുംകടവ് എന്നിവിടങ്ങളിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിക്കൂട്ടിയാണ് വിദ്യാർഥികൾ ദുരിതാശ്വാസത്തിന്റെ വേറിട്ട മാതൃകയായത്. ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള താക്കീതുകൂടിയാവുകയായിരുന്നു ഈ കൗമാരക്കാരുടെ സൽപ്രവൃത്തി.
തെയ്യത്തുംകടവ് പാലത്തിന് സമീപമുള്ള മാതൃക അംഗനവാടിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതും ഈ വിദ്യാർഥികളാണ്. നായർകുഴി ജി.എച്ച്.എസ്.എസ് എസ്.പി.സി ,ചേന്ദമംഗലൂർ എച്ച്.എസ്.എസ് എൻ.എസ്.എസ് എന്നീ യൂനിറ്റുകളിലെ വിദ്യാർഥികളാണ് പ്രളയാനന്തര സേവനത്തിനായി രംഗത്തിറങ്ങിയത്. നഗരസഭ കൗൺസിലർമാരും വ്യാപാരി ഏകോപന സമിതി ചേന്ദമംഗലൂർ യൂനിറ്റും നാട്ടുകാരും സർവ്വവിധ പിന്തുണയുമായി വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.
ഇനിയുമൊരു മഹാപ്രളയം കേരളത്തിന് താങ്ങാനാവില്ലെന്നും പശ്ചിമഘട്ടത്തെ തിരിച്ചുപിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപിച്ചാണ് വിദ്യാർഥികൾ സേവനം അവസാനിപ്പിച്ചത്.
മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. നായർകുഴി എച്ച്.എസ്.എസ്. ഹെഡ് മാസ്റ്റർ യു.പി. ബിച്ചുമോതി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഗഫൂർ മാസ്റ്റർ, ചേന്ദമംഗലൂർ ജി.എം.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീനിവാസൻ, മാവൂർ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ പി.ബാബുരാജൻ (ഡ്രില്ലിംഗ് ഇൻസ്പെക്റ്റർ, എസ്.പി.സി),കെ.ടി. മുർഷിദ്, കെ.സാബിഖുസമാൻ, ടി.കെ.ജുമാൻ, ദിനേശൻ ഫെയിം , ഷമീം കടാമ്പള്ളി, ഒ. അനന്തു, പി.അഭിഷേക്,എസ്.പി.സി പിടിഎ പ്രസിഡന്റ് പി.കെ.ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. എസ്.പി.സി. കമ്യൂണിറ്റി പോലീസ് ഓഫീസർ ( സി.പി.ഒ) പി.പി. ബഫീർ പൊറ്റശ്ശേരി സ്വാഗതവും അസി. സി.പി.ഒ കെ.ഷീബ നന്ദിയും പറഞ്ഞു.