ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. 2008-ലാണ് പൊതുഭരണ വകുപ്പിന്റെ ഭാഗമായി പ്രത്യേകം ന്യൂനപക്ഷ സെൽ രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കായുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയിലെ തുക ലൈഫ് മിഷന്റേതിനു സമാനമായി നാലു ലക്ഷമായി വർധിപ്പിച്ചു.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള മിടുക്കരായ കുട്ടികൾക്ക് ജോസഫ് മുണ്ടശ്ശേരിയുടെ പേരിലുള്ള സ്കോളർഷിപ്പ് നൽകി വരുന്നു. അതോടൊപ്പം തന്നെ സാങ്കേതിക മേഖലയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്കായി എ പി ജെ അബ്ദുൾകലാം സ്കോളർഷിപ്പുകളും നൽകുന്നുണ്ട്. സാങ്കേതിക മേഖലയിൽ പഠനം നടത്താൻ എൻറോൾ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കോളർഷിപ്പ് മുപ്പതു ശതമാനം പെൺകുട്ടികൾക്കുവേണ്ടി നീക്കിവച്ചിട്ടുണ്ട്. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലെ മികച്ച വിദ്യാർത്ഥികൾക്ക് മദർ തെരേസയുടെ പേരിലുള്ള സ്കോളർഷിപ്പും നൽകുന്നുണ്ട്.
ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമം മുൻനിർത്തി പുതിയ മൂന്ന് പദ്ധതികൾ കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യു.ജി.സി, സി.എസ്.ഐ.ആർ, നെറ്റ് കോച്ചിംഗ് നൽകുകയും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപാ വീതം സ്കോളർഷിപ്പ് നൽകുകയും ചെയ്യും. സി.സി.എം.വൈ പൊന്നാനി കോച്ചിംഗ് സെന്ററിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ജനസംഖ്യാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് മുഹമ്മദിന്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി. ആപ്പ് ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടും.
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.
വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ
വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രൻ.ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. രക്തസാക്ഷികളുടെ ജീവത്യാഗം മഹത്തരവും ധീരവും മാതൃകാപരവുമാണെന്ന് മന്ത്രി അനുസ്മരിച്ചു. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുടെ ജീവസുരക്ഷയാണ് സർക്കാരിന്റെ പ്രഥമ പരിഗണന. താൽക്കാലിക ജീവനക്കാരുടെതുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വനപാലകർ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന വനംമേധാവി പി കെ കേശവൻ പറഞ്ഞു. ലോകത്താകെ നടക്കുന്ന വനപാലകരുടെ ജീവത്യാഗങ്ങളിൽ 33 ശതമാനവും ഇന്ത്യയിലാണ്.കേരളത്തിൽ കഴിഞ്ഞ വർഷം ഏഴു വനപാലകർക്ക് ജീവഹാനി സംഭവിച്ചു. ഈ വർഷം ഇതിനോടകം ഒരാൾ മരണപ്പെടുകയും 13 അപകടങ്ങളുണ്ടാകുകയും ചെയ്തു. ഇതിൽ പതിനൊന്നും വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനിടയിൽ സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പി സി സി എഫുമാരായ ഡി ജയപ്രസാദ്, എ പി സി സി എഫുമാരായ രാജേഷ് രവീന്ദ്രൻ, ഡോ പി പുകഴേന്തി, സി സി എഫ് ഡി കെ വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

