Kerala News

സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നു, നിലവാരമില്ല; മികച്ച സീരിയലിന് അവാര്‍ഡില്ലെന്ന് ജൂറി

‘സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു, നിലവാരം കുറവ് ‘ തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മികച്ച സീരിയലിന് പുരസ്‌കാരം പ്രഖ്യാപിക്കാതെ പുരസ്‌കാര നിര്‍ണയ കമ്മിറ്റികള്‍. 2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാ വിഭാഗത്തില്‍ പരിഗണിച്ച എന്‍ട്രികള്‍ പരിശോധിച്ച ശേഷമാണ് പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റികളുടെ ഈ പരാമര്‍ശം. ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരമില്ല.

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണിക്കുന്നു. ഇതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തി. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ജൂറി അഭിപ്രായപ്പെട്ടു.
മറ്റു വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. നിലവാരമില്ലാത്ത എന്‍ട്രികള്‍ നിരവധി വരുന്നതിനാല്‍ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണെന്നും ജൂറി ശുപാര്‍ശ ചെയ്തു. കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത വിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി അറിയിച്ചു.

കഥാവിഭാഗത്തില്‍ ആകെ 39 എന്‍ട്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. ടെലിസീരിയല്‍ വിഭാഗത്തില്‍ 6 ഉം ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി.ഷോ എന്റര്‍ടെയ്ന്‍മെന്റ വിഭാഗത്തില്‍ 11 കോമഡി പ്രോഗ്രാം വിഭാഗത്തില്‍ 8 എന്‍ട്രികളാണ് സമര്‍പ്പിച്ചത്.
കൂടുതല്‍ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവന്‍ ദൃശ്യാവിഷ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാര്‍ഡ് എന്ന നിലയില്‍ ടെലിവിഷന്‍ പുരസ്‌കാരം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

നവമാധ്യമ സൃഷ്ടികള്‍, വെബ് സീരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യചിത്രങ്ങള്‍ എന്നിവയും നിശ്ചിത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി പുരസ്‌കാരത്തിന് പരിഗണിക്കാമെന്നും പുരസ്‌കാര തുക ഉയര്‍ത്തണമെന്നും ശുപാര്‍ശ ഉണ്ട്. ശുപാര്‍ശകള്‍ ഗൗരവമായാണ് കാണുന്നത്. സമഗ്രമായി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും, ചാനലുകളുമായി ചര്‍ച്ചകള്‍ നടത്തി ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എല്ലാ കാറ്റഗറികളിലെയും അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കഥേതര വിഭാഗത്തിലെ എന്‍ട്രികളും വിമര്‍ശനത്തിന് ഇടയാക്കി. അടച്ചിടല്‍ കാലത്ത് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എന്‍ട്രികളില്‍ ഉണ്ടായിരുന്നു. അതേ സമയം വലിയൊരു രോഗപ്പകര്‍ച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാന്‍ വാര്‍ത്താ വാര്‍ത്തേതര മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഇടപെടല്‍ സ്വഭാവമുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല.

വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങള്‍, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഡോക്യുമെന്ററി സംവിധായകര്‍ താല്‍പ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാര്‍ത്താബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകള്‍ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലില്‍ അയയ്ക്കുന്നത് ആശാസ്യമല്ലെന്നും ജൂറി അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!