ചിങ്ങമാസം എത്തും മുൻപേ അത്തമിങ്ങെത്തി. ഇന്ന് അത്തം. തിരുവോണത്തിന് ഇനി പത്ത് നാള്‍. ചിങ്ങം പിറക്കാൻ അഞ്ചു നാളുകൾ കൂടിയുണ്ടെങ്കിലും മലയാളികളുടെ ഓണക്കാലം ഇന്ന് തുടങ്ങുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മലയാളികൾ ഇന്നു മുതൽ ഓണത്തിരക്കിലേക്ക് കടക്കുന്നു. പുതുപ്രതീക്ഷകളോടെയാണ് മലയാളികൾ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത് .
ഇത്തവണത്തെ അത്തത്തിനും പ്രത്യേകതയുണ്ട്. ഇത്തവണ 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നു പോകുന്നുണ്ട്. ഇന്ന് സൂര്യോദയം മുതൽ അൽപനേരം ഉത്രം നക്ഷത്രമായിരിക്കും രാവിലെ 8.54ന് ശേഷമാണ് അത്തം തുടങ്ങുക. ഇത്തവണ ചിങ്ങം പിറക്കാൻ അഞ്ചു നാൾ ബാക്കി നിൽക്കെ കർക്കടകത്തിലാണ് അത്തം എത്തുന്നത്. ഓഗസ്റ്റ് 17നാണ് ചിങ്ങ പിറവി.
ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല. പ്രളയവും കോവിഡും കാരണം നാലുവര്‍ഷമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചടങ്ങായി മാത്രമാണ് നടത്തുന്നത്. ഇത്തവണയും ചടങ്ങുകളില്‍ ഒതുങ്ങും.
അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്
ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കോവിഡ് കാലമായതിനാല്‍ കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തും.

