നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ പിന്തുണച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സിപിഎം നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ.പി ബാബുരാജ്, ഷിജില്‍, എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപി വല്‍സന്‍, സികെ സതീശന്‍, കെവി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
എം.എല്‍എ കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെയാണ് കൂട്ടനടപടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനമായിരുന്നു ഇത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ലഭിക്കാനായിരുന്നു തെരുവില്‍ ഇറങ്ങി ആളുകള്‍ പ്രതിഷേധിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന് മണ്ഡലം നല്‍കിയതിന് എതിരെയായിരുന്നു പ്രതിഷേധം. മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ പാര്‍ട്ടി മണ്ഡലം തിരിച്ചെടുത്ത് കെ ടി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം അവിടെ നിന്ന് വിജയിക്കുകയും ചെയ്തു.

