കെ.പി.സി.സി. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യു ഡി എഫ് ഏകോപന സമിതിയോഗമാണ് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്ക് കെ പി സി സി ഓഫീസിൽ ചേരുന്നത്
മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചത്.യു ഡി എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല തുടരുമോ വി ഡി സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. പ്രതിപക്ഷ നേതാവാണ് കാലങ്ങളായി യു ഡി എഫ് ചെയര്‍മാന്‍. എന്നാല്‍ ഇത്തവണ പ്രതിപക്ഷ നേതൃത്വം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ ചെയര്‍മാനായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എം ഹസന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയാറാകുമോയെന്നതും നിര്‍ണായകമാണ്.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെ.പി.സി.സി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്. എന്നാൽ, സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ മുതിർന്ന നേതാക്കളെ കേൾക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകളുള്ളത്.
യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചേക്കും. 2016നേക്കാള്‍ സീറ്റ് കുറഞ്ഞ മുസ്ലീം ലീഗ്, മലബാറില്‍ മാത്രം എം എല്‍ എമാരുള്ള പാര്‍ട്ടിയായി ഒതുങ്ങി. യു ഡി എഫിലേക്കെത്തിയ ശേഷം ഒരു എം എല്‍ എയെപ്പോലും ജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്തതിന്‍റെ അമര്‍ഷം ആര്‍ എസ് പിയ്ക്കുമുണ്ട്.
ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്‍റെ അങ്കലാപ്പിലാണ് പി ജെ.ജോസഫ് വിഭാഗം. ഇതിനെല്ലാം കാരണം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യവും അനൈക്യവുമാണെന്ന് ഘടകകക്ഷികള്‍ ആരോപിക്കും. തോല്‍വിക്ക് ശേഷവും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനെതിരെയും വിമര്‍ശനം ഉയരും.
സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കൂട്ടായി ആലോചിക്കാതെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പ്രഖ്യാപിച്ചതിനെതിരെയും എതിര്‍പ്പുണ്ട്.

