Kerala News

തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; തുടക്കം പുന്നപ്ര സമരഭൂമിയില്‍ നിന്ന്

ചരിത്രം കുറിച്ച രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പകല്‍ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. എന്നാല്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. കൂടാതെ ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തില്‍ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 350 ഓളം പേരെയാണ്‌ സര്‍ക്കാര്‍ ചടങ്ങിന് പ്രതീക്ഷിക്കുന്നത്.

പുന്നപ്ര, വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച്, സമരഭടൻമാർ ഉറങ്ങുന്ന വലിയ ചുടുകാടിൽ പുഷ്പാഞ്ജലിയർപ്പിച്ച്, സത്യപ്രതിജ്ഞയ്ക്കുള്ള യാത്ര തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിസഭയിലെ 21 അംഗങ്ങളും കൊവിഡ് മഹാമാരിക്കിടെയുള്ള പരിമിതികൾക്കിടയിലും പതിവ് തെറ്റിക്കാതെ സമരഭൂമിയിൽ ആദരമർപ്പിക്കാനെത്തി. എല്ലാ ഇടതുപക്ഷ സർക്കാരുകളും അധികാരമേൽക്കാനായി പുന്നപ്ര വയലാർ സമരഭൂമിയിലെത്തി ആദരമർപ്പിച്ചാണ് പുറപ്പെടുന്നത്. തിരക്ക് മൂലം, കൊവിഡ് പ്രോട്ടോക്കോൾ ചിലയിടത്തെങ്കിലും ലംഘിക്കപ്പെട്ടെന്ന് ആരോപണമുയർന്നെങ്കിലും, ആവേശോജ്വലമായിരുന്നു ഓരോ ഇടതുപക്ഷ വിശ്വാസിക്കും, ഈ ചരിത്രമുഹൂർത്തത്തിന്‍റെ കാഴ്ച.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സാമൂഹിക അകലം പാലിച്ച് പുന്നപ്ര വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിക്കാനായിരുന്നു ഒരുക്കങ്ങളെങ്കിലും, നിരവധിപ്പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ അവിടെ എത്തിയിരുന്നു. ഇവർക്കെല്ലാം ഇടയിലാണ് രണ്ടിടത്തും ചടങ്ങുകൾ നടന്നത്. മന്ത്രിമാർക്കൊപ്പം ആലപ്പുഴ എംപി എ എം ആരിഫും ആലപ്പുഴയിലെ പ്രമുഖരായ പാർട്ടി നേതാക്കളും ചടങ്ങിനെത്തിയിരുന്നു. ആലപ്പുഴയിലെ വിപ്ലവമണ്ണിന്‍റെ മുഖമായ വി എസ് അച്യുതാനന്ദൻ അനാരോഗ്യം മൂലം ചടങ്ങിനെത്തിയില്ല എന്നത് ഇവിടെ ഒത്തുകൂടി പാർട്ടി പ്രവർത്തകർക്കും വേദനയായി.

കഴിഞ്ഞ വർഷങ്ങളിൽ സത്യപ്രതിജ്ഞാചടങ്ങിന്‍റെ ദിവസം ജനപ്രവാഹം ഇവിടേക്ക് ഇരച്ചെത്തിയിരുന്നു. എന്നാലിത്തവണ പാർട്ടി പ്രവർത്തകരോട് രക്തസാക്ഷിമണ്ഡപത്തിലേക്കും വലിയ ചുടുകാടിലേക്കും എത്തേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തന്നെ നിർദേശം നൽകിയിരുന്നു.

വലിയ ചുടുകാടിലും പുഷ്പചക്രം അർപ്പിച്ച ശേഷം, ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.

സത്യപ്രതിജ്ഞാചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ നിന്ന് എത്തും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എത്തില്ല എന്നറിയിച്ചിട്ടുണ്ട്. പുതിയ സർക്കാരിന് എല്ലാ ആശംസകളും ഡി രാജ നേർന്നു. ചടങ്ങിനു മുന്നോടിയായി, 52 ഗായകരും പ്രമുഖരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കി. കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആര്‍ഡി കേരള യൂട്യൂബ് ചാനല്‍, കേരളസര്‍ക്കാര്‍ വെബ്സൈറ്റ്, പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ് എന്നിവ വഴി ചടങ്ങ് കാണാനാകും.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് വകുപ്പുകള്‍ അനുവദിക്കുന്നത്.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!