ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാംങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021 സംഘടിപ്പിക്കുന്നു. കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്ക് (ബി.ടെക്ക്) അപേക്ഷിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. വിശദ വിവരങ്ങൾക്ക് www.kscste.kerala.gov.in.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
2021-22 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്്. 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ്സ്റൂം) ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. വിദ്യാർത്ഥികൾ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ഫീസിൽ നിർദ്ദിഷ്ട ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്ലൈൻ നമ്പർ: 9961708951, 04712593960 ഇ മെയിൽ: pgdgst@gift.res.in.
കൈറ്റിന് ‘എംബില്ല്യൻത്ത്’ സൗത്ത് ഏഷ്യ അവാർഡ്
കോവിഡ് 19 കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)-ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ അവാർഡ് ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷനും വേൾഡ് സമ്മിറ്റ് അവാർഡും കൂടി ഏർപ്പെടുത്തിയതാണ് എംബില്ല്യൻത്ത് അവാർഡ്.
അവാർഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം ഫൈനലിസ്റ്റുകളുടെ പ്രസന്റേഷനിൽ മാർച്ച് മാസം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പങ്കെടുത്തിരുന്നു. ഫസ്റ്റ് ബെല്ലിലെ സാങ്കേതിക മികവിന് ഫെബ്രുവരിയിൽ കൈറ്റിന് ഡിജിറ്റൽ ടെക്‌നോളജി സഭാ അവാർഡും ലഭിച്ചിരുന്നു.
പത്തു വിഭാഗങ്ങളിലായി ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നും ലഭിച്ച 185 നോമിനേഷനുകളിൽ ‘ലേർണിംഗ് & എഡ്യൂക്കേഷൻ’ വിഭാഗത്തിലാണ് കൈറ്റിന് അവാർഡ് ലഭിച്ചത്.
മൽസ്യത്തൊഴിലാളി ജാഗ്രത നിർദേശം
അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ ഏർപ്പെടുത്തിയ മൽസ്യബന്ധന നിരോധനം തുടരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ചുഴലിക്കാറ്റിന്റെ പ്രഭാവവുമായി ബന്ധപ്പെട്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ അതീവ ജാഗ്രത തുടരുക.
ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 100 ക്യാമ്പുകൾ തുടങ്ങി
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് 100 ക്യാമ്പുകൾ ആരംഭിച്ചു. അതിൽ 812 കുടുംബങ്ങളിലെ 3185 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പുകളിലായി 581 പേരും ഇടുക്കി ജില്ലയിലെ ഒരു ക്യാമ്പിൽ നാലു പേരും തുടരുന്നു.
എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. വലിയ നാശനഷ്ടമുണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
ദിശയുടെ സേവനങ്ങൾ ഇനി 104ലും
ഇനി മുതൽ ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ നമ്പർ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങൾ ലഭ്യമാണ്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹൈൽപ് ലൈനിൽ ഇതുവരെ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കോവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങൾ, ക്വാറന്റൈൻ, മാനസിക പിന്തുണ, ഡോക്ടർ ഓൺ കോൾ, വാക്സിനേഷൻ, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈൻ ലംഘിക്കൽ, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏർളി ചൈൽഡ് ഡെവലപ്മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങൾക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.
ഏറ്റവുമധികം കോൾ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. ടെലി മെഡിസിനായി 45,789 കോളുകളും കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 35,679 കോളുകളും വന്നു.
ഏറ്റവുമധികം കോൾ വന്നത് തിരുവനന്തപുരം (1,01,518) ജില്ലയിൽ നിന്നും ഏറ്റവും കുറവ് കോൾ വന്നത് വയനാട് (4562) ജില്ലയിൽ നിന്നുമാണ്.
ജെ ഡി സി ലിസ്റ്റ്, ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 2021-22 വർഷത്തെ ജെ ഡി സി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൻമേൽ ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി. ഈ മാസം 24 (24-05-2021) അഞ്ചു മണിവരെ പരാതികൾ സ്വീകരിക്കുന്നതാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതാത് കോളേജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാവുന്നതാണ്. ജെ ഡി സി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അന്തിമ ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കും.
കിക്മയിൽ ഓൺലൈൻ എം.ബി.എ. ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 (ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, K-MAT/C-MAT/CAT യോഗ്യത നേടിയിട്ടുളളവർക്കും, ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ http://meet.google.com/vqk-gcmy-wer ലിങ്കിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.
കോവിഡ് ചികിത്സ- ജില്ലയില്‍ 1,472 കിടക്കകള്‍ ഒഴിവ്
ജില്ലയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3,421 കിടക്കകളില്‍ 1,472 എണ്ണം ഒഴിവുണ്ട്. 73 ഐ. സി.യു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്. 15 സര്‍ക്കാര്‍ കോവിഡ് ആശുപത്രികളിലായി 523 കിടക്കകള്‍, 29 ഐ.സി.യു, 27 വെന്റിലേറ്റര്‍, 431 ഓക്‌സിജന്‍ കിടക്കകളും ബാക്കിയുണ്ട്.
12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1,505 കിടക്കകളില്‍ 1,107 എണ്ണവും നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 300 എണ്ണവും 86 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,401 കിടക്കകളില്‍ 1,683 എണ്ണവും ഒഴിവുണ്ട്.