ലോക തൊഴിലാളി ദിനത്തില്‍ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍.പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. നിവിന്‍ പോളി അവതരിപ്പിക്കുന്ന മൊയ്തു, അച്ഛനായി ജോജുവിന്റെ മൈമു, പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഉമ്മ, ഇന്ദ്രജിത്ത് സുകുമാരന്റെ സാന്റോ ഗോപാലന്‍, നിമിഷ സജയന്റെ ഉമ്മാണി എന്നിവരെ പോസ്റ്ററില്‍ കാണാം. ദര്‍ശന രാജേന്ദ്രനും അര്‍ജുന്‍ അശോകനുമാണ് പോസ്റ്ററില്‍ ഇവര്‍ക്കൊപ്പമുള്ളത്.
അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. ബിഗ് ബജറ്റ് ചിത്രമായ ‘തുറമുഖം’ കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ റിലീസ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളിലൊന്നാണ് തുറമുഖം. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്. പിരീഡ് ഡ്രാമ കൂടിയാണ്. തുറമുഖം പൂര്‍ത്തിയാക്കി കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് രാജീവ് രവി കടന്നിരുന്നു. ഈ സിനിമയും പൂര്‍ത്തിയായിരിക്കുകയാണ്. ജൂണ്‍ റിലീസായാണ് കുറ്റവും ശിക്ഷയും പ്രഖ്യാപിച്ചത്. മേയ് 13നായിരുന്നു തുറമുഖം റിലീസ് ചെയ്യാനിരുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

