കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച 30 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1021 പേര് കഴിയുന്നു. ആകെ 367 കുടുംബങ്ങളിലെ 394 പുരുഷന്മാരും 447 സ്ത്രീകളും 180 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.
കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 21 ക്യാമ്പുകളിലായി 265 കുടുംബങ്ങളിലെ 762 പേരാണ് കഴിയുന്നത്. ഇതില്‍ 303 പുരുഷന്മാരും 343 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു.
താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 57 കുടുംബങ്ങളിലെ 164 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളിലെ 77 പേരും, കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 18 പേരും കഴിയുന്നു.

