സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ് ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.