സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വലുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു.
“ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോള്‍ രാഷ്ട്രീയക്കളിയാണെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐയാണ്. അതിപ്പോ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് “, കാനം രാജേന്ദ്രന് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം പറഞ്ഞ പാര്‍ട്ടി സി.പി.ഐ ആണെന്നായിരുന്നു കാനത്തിന്റെ മറുപടി.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ആറ് ഐഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു കാനം.

