നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് നിർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ ചിത്രം വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷന് വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി കമ്മിഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.
പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
ഈ ആഴ്ച തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഉത്തരവ്.
വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്കിയ വിശദീകരണം. എന്നാൽ ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ നിന്ന് മറയ്ക്കാൻ സാധിക്കുന്ന വിധത്തിൽ മന്ത്രാലയം സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യും.

