ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദായ നികുതി വകുപ്പ്, സിബിഐ, ഇഡി എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ പാവകളാണെന്നാണ് രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ച് വിധേയരാകുന്നു. അതേസമയം, കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരോടുള്ള ദേഷ്യം സര്‍ക്കാര്‍ തീര്‍ക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. ഇരുവരുടെയും അഭിപ്രായ പ്രകടനമോ സര്‍ക്കാരിനെതിരായ പ്രതികരണവുമായോ റെയ്ഡിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.