തിരുവനന്തപുരം∙ അമിത വാടക നല്കി ഹെലികോപ്ടറെടുത്ത നടപടി പൊലീസ് പുനഃപരിശോധിക്കുന്നു. ഒരു വര്‍ഷത്തെ വാടക കരാര്‍ മാര്‍ച്ചില്‍ തീരുന്നതോടെ ഹെലികോപ്ടര്‍ ഒഴിവാക്കാനോ അല്ലെങ്കില്‍ വാടക കുറഞ്ഞ മറ്റു കമ്പനികളില്‍നിന്ന് എടുക്കാനോ ആണ് ആലോചന. അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി സ്ഥിരമായി ഹെലികോപ്ടര്‍ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ടു തവണ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ‘ചെത്തുതൊഴിലാളി’ പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂര്‍ത്തെന്ന ആരോപണവുമെല്ലാം ചേര്‍ന്ന് ഹെലികോപ്ടര്‍ വീണ്ടും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്പോഴാണ് പൊലീസിന്റെ പുനരാലോചന. പൊതുമേഖലാ സ്ഥാപനമായ പവന് ഹന്‍സില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്.
11 സീറ്റുള്ള ഇരട്ട എഞ്ചിന് ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക. ജിഎസ്ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നല്‍കണം. കഴിഞ്ഞ ഏപ്രില്‍ 16ന് തുടങ്ങിയ കരാറനുസരിച്ച് ഇതിനകം 18 കോടിയോളം രൂപ ചെലവായി. വളരെ വൈകിയെങ്കിലും ഇത് അമിത വാടകയാണെന്ന വിമര്‍ശനം അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു തുടരണോയെന്ന് ആലോചിക്കുന്നത്.
മാര്‍ച്ച് 31ന് കരാര്‍ തീരും. ഇത്രയും തുക നല്കി പവന് ഹന്‍സുമായി കരാര്‍ പുതുക്കേണ്ടെന്നും സ്വകാര്യ കമ്പനികള്‍ ഇതിലും കുറഞ്ഞ തുകയ്ക്കു നല്കാന് തയാറാണെന്നും പൊലീസ് സര്‍ക്കാരിനെ അറിയിക്കും. ഹെലികോപ്ടര്‍ വേണോയെന്നും സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് നിലപാട്. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും.
എന്നാല്‍ ഹെലികോപ്ടര്‍ അനാവശ്യമാണെന്ന വാദം പൊലീസ് തള്ളുകയാണ്. വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയ്ക്ക് കാര്യമായി ഉപയോഗിച്ചെന്നാണ് വിശദീകരണം. അടിയന്തരഘട്ടത്തിലായി രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നു.

