നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാവുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും 80 കഴിഞ്ഞവര്‍ക്കും തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പ്രചരണമെന്നും രാഷ്ട്രീയപാര്‍ട്ടികളുമായി 21 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചര്‍ച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം. കൊവിഡ് ബാധിതര്‍ക്കും എണ്‍പത് വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുക. തപാല്‍ വോട്ട് വേണ്ടവര്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.
സംസ്ഥാനത്ത് ആറര ലക്ഷത്തിലധികം വോട്ടര്‍മാര്‍ എണ്‍പത് വയസിന് മുകളിലുള്ളവരാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ട് അനുവദിക്കും. കൊവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
പോസ്റ്റല്‍ ബാലറ്റ് ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് ശേഷം വോട്ടര്‍ പട്ടികയില്‍ കൂട്ടിചേര്‍ക്കലോ ഒഴിവാക്കലോ അനുവദിക്കില്ല. പ്രചരണ പരിപാടികള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, റോഡ് റാലി എന്നിവയില്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.

