സിഎസ്എസ്ഡി ടെക്നീഷന്‍ : കൂടിക്കാഴ്ച 15 ന്
സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സിഎസ്എസ്ഡി ടെക്നീഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജനുവരി 15 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗ്യത – സിഎസ്എസ്ഡി ടെക്നീഷന്‍ കോഴ്സ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറയല്‍ കാര്‍ഡിന്റെയും ഒരു സെറ്റ് ഫോട്ടോ കോപ്പിയും അപേക്ഷയും ഫോട്ടോ പതിച്ച ബയോഡാറ്റയും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ ജനുവരി 15 രാവിലെ 10.30 വരെ സ്വീകരിക്കും.
ഹരിത ഓഡിറ്റ് : ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഓഫീസുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക, കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന പാത്രങ്ങളില്‍ വെള്ളവും ഭക്ഷണവും കൊണ്ടുവരാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക, ഇലക്ട്രോണിക് മാലിന്യം, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുക, വൃത്തിയായി പരിപാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറി സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുക, ജൈവ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ഓഫീസ് സാക്ഷ്യപത്രവും ഗ്രേഡും നല്‍കുന്നത്. ഓഫീസിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കുകയും വേണം. 100 മാര്‍ക്ക് അടങ്ങുന്ന വിലയിരുത്തല്‍ സൂചിക പ്രകാരം 90 മാര്‍ക്കിന് മുകളില്‍ ലഭിച്ചവര്‍ക്ക് എ ഗ്രേഡും 80-89 വരെയുള്ള ബി ഗ്രേഡും 70-79 വരെയുള്ളവര്‍ക്ക് സി ഗ്രേഡുമാണ് ലഭിക്കുക. ജനുവരി 26 നകം പരിശോധന പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളും ജില്ലാതല ഓഫീസുകളും ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജില്ലാതല ടീം പരിശോധിക്കും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ഏറ്റവും ചുരുങ്ങിയത് 10 ഓഫീസുകളെയും നഗരസഭാ പരിധിയില്‍ ചുരുങ്ങിയത് 20 ഓഫീസുകളേയും കോര്‍പ്പറേഷന്‍ പരിധിയില്‍ ഏറ്റവും ചുരുങ്ങിയത് 100 ഓഫീസുകളെയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളേയും ഹരിത ഓഫീസ് ആക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധനാ ടീമുകള്‍ രൂപീകരിക്കണം. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷനുകളുടെ ബ്ലോക്ക്തല ചാര്‍ജ്ജുള്ള റിസോഴ്സ് പേഴ്സണ്‍മാരും ടീമില്‍ അംഗമാകും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ടീം അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ജനുവരി 7 ന് രാവിലേയും ഉച്ചയ്ക്കുമായും നഗരസഭാ ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജനുവരി 8 ന് രാവിലേയും നടത്തും. ജില്ലാതലത്തില്‍ പരിശോധനയ്ക്കുള്ള ടീമുകള്‍ രൂപീകരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. സൂര്യ എന്നിവര്‍ അറിയിച്ചു.
ദേശീയ യുവജന ദിനാഘോഷം : പ്രസംഗ മത്സരം 12 ന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് ജനുവരി 12ന് ജില്ലയിലെ യുവജനങ്ങള്‍ക്ക് പ്രസംഗ മത്സരം നടത്തും. ‘വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി’ എന്നതാണ്
വിഷയം. 18 നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും വിജയികള്‍ക്ക്
ലഭിക്കും. താല്‍പര്യമുള്ളവര്‍ 9645682799, 8138898124 വാട്സപ്പ് നമ്പറില്‍ പേരും വിലാസവും പ്രായവും ഫോണ്‍ നമ്പറും സഹിതം ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
പേരാമ്പ്ര സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സബ് ട്രഷറി ഓഫീസിനു പരിസരത്തുളള റീ സ. 84/6 ലെ 29 സെന്റ് സ്ഥലത്തെ 903 ഘന മീറ്റര്‍ മണ്ണ് സ്വന്തം ചിലവില്‍ ഖനനം ചെയ്ത് മാറ്റി കൊണ്ടു പോകുന്നതിന് ഘന മീറ്ററിന് വില നിശ്ചയിച്ചു ക്വട്ടേഷന്‍ ക്ഷണിച്ചതായി സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 12ന് രാവിലെ 11 മണി. ഫോണ്‍ 9496000216.

