കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ ഐ.ടി.ഐ അനുവദിച്ചത്. 2016-ല്‍ ആരംഭിച്ച ഐ.ടി.ഐക്ക് സ്ഥലം എടുത്ത് കൈമാറുന്നതില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ നഗരസഭയെ പ്രതിനിധീകരിച്ച് യോഗത്തില്‍ സംബന്ധിച്ച വൈസ് ചെയര്‍മാന് കഴിഞ്ഞില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വാടക നല്‍കുന്നില്ലെന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. വാടക നല്‍കാത്ത പ്രശ്നത്തിലും സ്ഥലം കൈമാറുന്ന വിഷയത്തിലും ഡയരക്ടറേറ്റില്‍ നിന്ന് നഗരസഭക്ക് കത്ത് നല്‍കുന്നതിന് ട്രൈനിംഗ് ഡയരക്ടറെ ചുമതലപ്പെടുത്തി.