ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ: മെഡിക്കൽ ബന്ദ് (കാഷ്വാലിറ്റി-കോവിഡ് ഡ്യൂട്ടികൾ ഒഴികെ )
ഇന്ത്യയിലെ മുഴുവൻ ആധുനിക വൈദ്യശാസ്ത്ര ചികിത്സകരും ഡിസംബർ 11 – ന് ജോലിയിൽ നിന്ന് വിട്ടു നിന്നുകൊണ്ടുള്ള പ്രതിഷേധ സമരത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കയാണ്.ചികിത്സാ രംഗത്ത് ലോകമെമ്പാടുമുള്ള ആധുനിക സമൂഹം സ്വീകരിച്ചിരിക്കുന്ന നിലപാടുകളിൽ നിന്ന് കടക വിരുദ്ധമായ സമീപനം സ്വീകരിച്ച ആയുർവേദ കൗൺ സിലിനും സർക്കാരിനുമാണ് ഈ അവസ്ഥയുടെ സമ്പൂർണ്ണ ഉത്തരവാദിത്തം.. നൂറ്റാണ്ടുകളായി ശസ്ത്രക്രിയാ രംഗത്ത് ഒരു ഇടപെടലും നടത്താത്ത ആയുർവേദ വിഭാഗത്തിന് 58 ശസ്ത ക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന 2020 നവംബർ 20 – ന് പുറപ്പെടുവിച്ച സർക്കാർ ഗസറ്റാണ് ചികിത്സാ രംഗത്ത് കടുത്ത അശാന്തി വിതച്ചത് .
സുശ്രുതാചാര്യന്റെ കാലശേഷം ആയുർവേദ സർജറി യിൽ ഒരു പുരോഗാമിയായ കാൽ വെപ്പും നടന്നില്ലെന്നതിന് പ്രസ്തുത നോട്ടിഫിക്കേഷൻ തന്നെ കൃത്യമായ തെളിവാണ്. coloctomy ക്കോ, tracheal intubation – നോ orchidactomy-ക്കോ പോലും സമാനമായ ആയുർ വേദനാമങ്ങൾ ലഭ്യമല്ല എന്ന വസ്തുത ആയുർ ശസ്ത്രകിയയുടെ നൂററാണ്ടുകളിലെ നിഷ്ക്രിയാവസ്ഥയുടെ സാക്ഷ്യപത്രമാണ്.
ഉപകരണങ്ങൾ കൊണ്ടുള്ള ഒരു കീറിമുറിക്കൽ മാത്രമല്ല ശസ്ത്രക്രിയ എന്നത് സുവിദിതമായ കാര്യമാണ്. രോഗിക്ക് ഹൃദയ -, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നും ശാരീരികമായി മറ്റു രോഗങ്ങൾ ഉണ്ടോ എന്നുമൊക്കെ ശസ്ത്രകിയക്ക് മുമ്പേ കൂലങ്കഷമായി പരി ശോധിക്കുന്നത്, അനസ്തീഷ്യ നൽകുന്നത്, സർജറിയുടെ സമയത്ത് മുൻകൂട്ടി കാണാനാവാത്ത പ്രതിസന്ധികൾ പരിഹരിക്കുന്നത് , ശസ്ത്രക്രിയക്ക് ശേഷം രോഗാണുബാധ തടയാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നത് , ശസ്ത്രകിയക്ക് ശേഷം പൊടുന്നനെ ഉണ്ടാവാൻ എപ്പോഴും സാദ്ധ്യതയുള്ള ഗുരുതരാവസ്ഥകൾ കൈകാര്യം ചെയ്യുന്നത് എല്ലാം ശസ്ത്രകിയാ വിദഗ്ദന്റെ ചുമതലയാണ്. ഇതിലൊക്കെ എന്ത് നിലപാടാണ് ആയുർവേദ സർജറിക്കാരന് കൈക്കൊള്ളാനാവുക? ആയുർ വേദത്തിൽ അനസ്തീഷ്യ നൽകാൻ എന്ത് ഔഷധമാണുള്ളത്? സൂക്ഷ്മാണുക്കളെ അംഗീകരികരിക്കാത്ത വാത – കഫ- പിത്ത വിദഗ്ദൻ എങ്ങിനെ ആന്റി ബയോട്ടിക്കുകൾ നൽകും? ആയുർവേദത്തിന്റെ ഫാർമ കോപ്പിയയിൽ അനസ്തീഷ്യ മരുന്നുകളും ആന്റി ബയോട്ടിക്കുകളം ലഭ്യമാണോ? ശസ്ത്രക്രിയാ പഠനം കഴിഞ്ഞിട്ടു പോലുംഒരു പ്രഗത്ഭനായ സർജന്റെ കൂടെ വർഷങളോളം നിരന്തരം പരിശീലിച്ചാൽ മാത്രം സ്വായത്തമാക്കാനാവുന്ന ശസ്ത്രകിയാ രീതികൾ ആരാണ് ഇവരെ പഠിപ്പിക്കുക? ഇത്തരം ചോദ്യങ്ങൾക്ക് സങ്കര വിദഗ്ദർ ഉത്തരം പറഞ്ഞേ മതിയാവൂ.
പാതി വെന്ത ആയുർ ശസ്ത്രക്രിയാ വിദഗ്ദൻ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഉയർ ത്തുന്ന കടുത്ത ഭീഷണി നാം കണ്ടില്ലെന്നു നടിച്ചു കൂടാ.
ആയുർവേദം പ്രാചീന ഇന്ത്യയുടെ മഹത്തായ സംഭാവനയാണ്. എൻ ട്രൻസ് പരീക്ഷകളിൽ പിന്നിലായിപ്പോയി എന്നതുകൊണ്ടു മാത്രം മോഡേൺ മെഡിസിനിൽ പ്രവേശനം ലഭിക്കാതെ ആയുഷ് പഠനം സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെടുന്നവരാണ് പുതു തലമുറയിലെ ആയുഷ് ചികിത്സകരിൽ 99.99 % വും. അവരുടെ സ്വപ്നമായ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അനുവാദ കിട്ടിയാൽ നിശ്ചയമായും അവർ മുഴുവൻ ശ്രദ്ധയും ആധുനിക വൈദ്യശാസ്ത്ര
ചികിത്സക്ക് നൽകാനാണ് മിക്കവാറും സാദ്ധ്യത. അനതിവിദൂര ഭാവിയിൽ തന്നെ ആയുർ വേദത്തിന്റെ അവസാനത്തെ അടയാളങ്ങളും മാഞ്ഞുപോവാനുള്ള വലിയ സാദ്ധ്യതകൾ ഇത്തരുണത്തിൽ തള്ളിക്കളയാൻ വയ്യ. അതുകൊണ്ടു തന്നെ ഓരോ ചികിത്സാ രീതിയും അവരവരുടെ തട്ടകത്തിൽ ഉറച്ചു നിന്നുകൊണ്ട് നിരന്തരമായ പഠന-ഗവേഷണങ്ങൾ വഴി സ്വന്തം ചികിത്സാസമ്പ്രദായങ്ങൾ കൂടുതൽ പുഷ്ടിപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ മറ്റു ചികിത്സാ രീതികൾ കാലങ്ങളിലെ നിതാന്തമായ പ്രവർത്തനങ്ങൾ വഴി കണ്ടെടുത്ത നേട്ടങ്ങൾ പിൻവാതിലിലൂടെ കരസ്ഥമാക്കുകയല്ല. അത്തരം വഴിവിട്ട രീതികൾ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തനത് ആയുർ വേദത്തിന്റെ അന്ത്യം കുറിച്ചേക്കാനിടവരുത്തിയേക്കും..
ആധുനിക വൈദ്യശാസ്ത്രം നിരന്തരമായ ചോദ്യം ചെയ്യലിന്റെയും നിർഭയ പൊളിച്ചെഴുത്തിന്റെയും കണിശമായ തെററ് തിരുത്തലിന്റേയും ശാസ്ത്രമാണ്. ഹാനിമാന്റെ പ്രാകൃതമായ അലോപ്പതി കാലഘട്ടത്തിൽ നിന്ന് വൈദ്യശാസ്ത്രം ആധുനിക വൈദ്യശാസ്ത്രമായി രൂപാന്തരം കൊണ്ടത് ആധുനികമായ വിജ്ഞാനത്തെ മുഴുവൻ ആവേശത്തോടെ സ്വീകരിച്ചു കൊണ്ടാണ്. നാനോ ടെക്നോളജി മുതൽ എങ്ങിനീയറിങ്ങ് വരെയുള്ള സർവ്വ വിജ്ഞാന ശാഖകളേയും ആധുനിക വൈദ്യം വാരിപ്പുണർന്നു. ആചാര്യന്മാർ പറഞ്ഞു എന്നതുകൊണ്ടോ പ്രാചീന ഗ്രന്ഥങ്ങളിൽ എഴുതി വെക്കപ്പെട്ടു എന്നതുകൊണ്ടോ മാത്രം മനോരോഗ ചികിത്സക്ക് ദണ്ഡനം ചികിത്സയായി ഇന്നും കരുതുന്ന, കുഷ്ഠരോഗത്തിന് നിദാനം ജന്മശാപമാണെന്ന് കരുതുന്ന ഒരു ചികിത്സാസമ്പ്രദായവുമായി ആധുനിക കാഴ്ചപ്പാടുള്ള ശാസ്ത്രീയ ചികിത്സാ പദ്ധതിയെ എങ്ങിനെ കൂട്ടിയിണക്കും? രോഗനിദാന കാഴ്ചപ്പാടി ലോ , രോഗനിർണ്ണയ രീതികളിലോ ചികിത്സാ സംവിധാനങളിലോ ഒരു സാജാത്യവുമില്ലാത്ത രണ്ടു ചികിത്സാ രീതികൾ കൂട്ടിയിണക്കുന്നത് തികച്ചും ആത്മഹത്യാ പരമായിരിക്കും.
സങ്കര ചികിത്സയും ശസ്ത്രക്രിയയും ജനതയുടെ ജീവനും ആരോഗ്യത്തിനും ഉയർത്തുന്ന ഭീഷണികൾ പൊതു സമൂഹം ഗാഢമായി ഉൾക്കൊള്ളേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഈ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ വൈദ്യ സമൂഹത്തിനോടൊപ്പം നിന്ന് പൊരുതാൻ പൊതു സമൂഹം നിശ്ചയമായും മുന്നോട്ടു വരേണ്ടതുണ്ട്.
PS :: സമര പരിപാടികൾ:
2020 ഡിസംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ 2 വരെ :
ഇന്ത്യ മുഴുവൻ ഓരോ ഐ എം എ ശാഖയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് – ധർണ .