
എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. ഇ.ഡിയുടെ മറുപടി ലഭിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശിവശങ്കറിനായി സുപ്രിംകോടതി അഭിഭാഷൻ ഹാജരാകും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ എട്ട് സ്റ്റേറ്റുമെന്റുകള്‍ ഇ.ഡി രേഖപ്പെടുത്തിയെങ്കിലും തന്നെ ബന്ധിപ്പിക്കുന്ന വെളിപ്പെടുത്തലുകളില്ല. ഇക്കാര്യം പ്രത്യേക കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് തന്നെ ബന്ധപ്പെടുത്തി സ്വപ്നയുടെ മറ്റൊരു സ്റ്റേറ്റ്മെൻറ് ഇ.ഡി എടുത്തു. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ല. താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യ ഹരജി തള്ളി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താൻ വിളിച്ചുവെന്ന് പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യംചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരാമർശിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു.

