![Actor Mr.Devan Support Dr.P Anil kumar [Malayalam] - YouTube](https://i.ytimg.com/vi/eANhC2-qNu8/maxresdefault.jpg)
നിലപാടും രാഷ്ട്രീയവും വ്യക്തമാക്കി നടന്‍ ദേവന്‍. സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ നടന്‍ ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് തന്നെ പ്രേരിപ്പിച്ചതെന്നും നടന്‍ ദേവന്‍ പറഞ്ഞു.
പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന്‍ ഇടതു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തെന്നും ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസ്സിലായെന്നും ദേവന്‍ പറഞ്ഞു.
താനുമായി ബി ജെ പി നേതൃത്വം ചര്‍ച്ച നടത്തി. എന്നാല്‍, തന്റെ വ്യക്തിത്വം ആര്‍ക്കും അടിയറ വെയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ബി ജെ പിയില്‍ ചേരില്ലെന്നും ദേവന്‍ പറഞ്ഞു. തന്റെ പുതിയ പാര്‍ട്ടി ഇവിടുത്തെ നിലവിലുള്ള മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണെന്നും ദേവന്‍ വ്യക്തമാക്കി. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്നും സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവന്‍ പറഞ്ഞു. മൊഴി മാറ്റിയ താരങ്ങളുടെ നടപടി തീര്‍ത്തും തെറ്റായിരുന്നെന്നും ഇക്കാര്യത്തില്‍ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

