
നോട്ട് നിരോധനം രാജ്യത്തിന്റെ നികുതിവരുമാനം വര്‍പ്പിച്ചെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിവാദമായ നോട്ട് നിരോധന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 2016 നവംബര്‍ 8നാണ്. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രിയുടെ ചില ചങ്ങാത്ത മുതലാളി സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ഗുണമുണ്ടായതെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും വിമര്‍ശിച്ചു.
ഇന്ത്യയെ അഴിമതിമുക്തമാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നാല് വര്‍ഷം മുമ്പ് ഇതേദിവസം മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു. കള്ളപ്പണത്തിനെതിരായ മുമ്പെങ്ങുമില്ലാത്ത ആക്രമണമായിരുന്നു അതെന്നും അത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. കണക്കില്‍പ്പെടാത്ത 900 കോടി രൂപയുടെ സ്വത്ത് നോട്ട് നിരോധനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ പിടിച്ചെടുത്തതായി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3950 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.
നോട്ട് നിരോധനം നടപ്പാക്കിയ ശേഷം നടത്തിയ സര്‍വേകള്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിക്കാന്‍ സഹായകമായി. ഓപ്പറേഷന്‍ ക്ലീന്‍ മണി സമ്പദ് വ്യവസ്ഥയെ സാധാരണിനിലയിലാക്കാന്‍ സഹായകമായി. നോട്ട് നിരോധനം നികുതി സംവിധാനം വിപുലപ്പെടുത്തുകയും സുതാര്യത കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു. കള്ളനോട്ട് തടയാന്‍ നോട്ട് നിരോധനത്തിലൂടെ കഴിഞ്ഞു – നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു.
അതേസമയം #SpeakUpAgainstDeMoDisaster എന്ന പേരില്‍ കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെ ഹാഷ് ടാഗ് പ്രചരിപ്പിക്കുന്നുണ്ട്. വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ആരോപിച്ചു. ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറയാനും 3.3 ശതാനം ഇടിവ് തൊഴിലിലുണ്ടാകാനും നോട്ട് നിരോധനം കാരണമായതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്ത്യ, ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് ബംഗ്ലാദേശ്, സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തിയത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കോവിഡ് ആണ് കാരണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് ബംഗ്ലാദേശിലുമുണ്ട്. ലോകത്തെല്ലായിടത്തുമുണ്ട്. ഇതിന് കാരണം കോവിഡല്ല, നോട്ട് നിരോധനവും ജി എസ് ടിയുമാണ്. നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ് വ്യവസ്ഥയ്ക്കെതിരായ ആക്രമണം തുടങ്ങി. അദ്ദേഹം കര്‍ഷകരേയും തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും ദ്രോഹിച്ചു. രണ്ട് ശതമാനം ഇടിവുണ്ടാകുമെന്ന് അന്ന് മന്‍മോഹന്‍സിംഗ് ജി പറഞ്ഞു. അതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന മോദിയുടെ അവകാശവാദം നുണയാണ്. ആക്രമണം കള്ളപ്പണത്തിനെതിരെ ആയിരുന്നില്ല. അത് ഈ നാട്ടിലെ ജനങ്ങള്‍ക്കെതിരെയായിരുന്നു. നിങ്ങളുടെ പണം മോദിയുടെ രണ്ടോ മൂന്നോ ക്രോണി കാപ്പിറ്റലിസ്റ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് മോദി ഇതെല്ലാം ചെയ്തത്. നിങ്ങള്‍ ക്യൂവില്‍ നിന്നു. ക്രോണി കാപ്പിറ്റലിസ്റ്റുകളായ ഈ ചങ്ങാതിമാര്‍ നിന്നില്ല. നിങ്ങള്‍ നിങ്ങളുടെ പണം ബാങ്കിലിട്ടു. പ്രധാനമന്ത്രി മോദി ഈ പണം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മൂന്നര ലക്ഷം കോടി രൂപ വരുന്ന വായ്പ എഴുതിത്തള്ളാന്‍ ഉപയോഗിച്ചു – രാഹുല്‍ ഗാന്ധി ആരോപിച്ചു.

