News

അറിയിപ്പ്

കർഷക തൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സർക്കാർ /എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർത്ഥികൾ ആയിരിക്കണം. 2020 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക്  നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്നിക്, ജനറൽ നഴ്സിങ്ങ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.


കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ സെപ്റ്റംബർ 10ന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തീയതിയിൽ  അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സഭ ടിവി 17ന് ലോക്‌സഭ സ്പീക്കർ ഉദ്ഘാടനം ചെയ്യും

*ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഒരുക്കും
കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. നിയമസഭാ സാമാജികർ വെർച്വൽ അസംബ്‌ളിയിലൂടെ പങ്കെടുക്കും.
ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കർ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്‌ളോട്ട് വാങ്ങിയാവും പരിപാടികൾ സംപ്രേഷണം ചെയ്യുക. കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സഭയും സമൂഹവും ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങൾ വിശദമാക്കുന്ന കേരള ഡയലോഗ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രതിഭകളുമായുള്ള സംവാദം അടങ്ങുന്ന സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകൾ, ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങളെ നാലു വിഭാഗങ്ങളിലാണ് പരിപാടികൾ.
സഭാ ടിവിയുടെ ഓൺലൈൻ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നൽകാനാവുമെന്ന് സ്പീക്കർ പറഞ്ഞു.
കേരള നിയമസഭ കടലാസ്‌രഹിതമാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ ഇത് പൂർണമാകും. ഭരണ, പ്രതിപക്ഷത്തുള്ള 20 എം. എൽ. എമാരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. ഇവർ പൂർണമായും കടലാസ്‌രഹിത നിയമഭയുടെ ഭാഗമായി പ്രവർത്തിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം. എൽ. എമാർക്ക് വീതം ബെസ്റ്റ് ഡിജിറ്റൽ ലെജിസ്‌ലേച്ചർ അവാർഡ് നൽകും. പൊതുസമൂഹത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാനായി മാതൃകാ പദ്ധതികൾ ആവിഷ്‌കരിക്കുകയും പോസിറ്റീവ് സോഷ്യൽ മീഡിയ മാനേജ്‌മെന്റിന് നേതൃത്വം നൽകുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട എം. എൽ. എമാർക്ക് ഡിജിറ്റൽ സിറ്റിസൺ ലീഡർഷിഷ് അവാർഡും നൽകും. നിയമസഭയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുടെ മണ്ഡലങ്ങളിൽ പ്രത്യേക മാതൃക പദ്ധതികൾ നടപ്പിലാക്കും. 2020ലെ കേരള ധനകാര്യ ബില്ലുകൾ പാസാക്കുന്നതിനായി 24ന് സഭ ചേരുമെന്ന് സ്പീക്കർ പറഞ്ഞു.
പി.എൻ.എക്‌സ്. 2771/2020

കോവിഡില്‍ ജീവിതം വഴി മുട്ടിയ യുവതികള്‍ക്ക് കൈത്താങ്ങ് – തയ്യല്‍ മെഷീനുകള്‍ സമ്മാനിച്ചു
ബിനോയ് വിശ്വം എംപിയുടെ സന്‍സദ് ആദര്‍ശഗ്രാമ യോജന പദ്ധതി  പ്രകാരം ദത്തെടുത്ത വളയം ഗ്രാമപഞ്ചായത്തിലെ നിര്‍ധനരായ പത്ത്‌ യുവതികള്‍ക്ക് തയ്യല്‍ മെഷീനുകള്‍ സമ്മാനിച്ചു. കുറഞ്ഞ വരുമാനക്കാർക്ക് ഒരു അധിക വരുമാനം എന്ന നിലക്ക് സർക്കാർ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ‘മേക്കിങ് ആന്‍ഡ് ഇമ്പാക്ട്’ എന്ന പദ്ധതിയുടെ ഭാഗമായാണ് എംപിയുടെ ഈ സഹായം. പദ്ധതി ഉദ്ഘാടനം ബിനോയ് വിശ്വം എം.പി യും തയ്യല്‍ മെഷീന്‍ വിതരണം ഇ.കെ. വിജയന്‍ എം.എല്‍.എ യും വീഡിയോ കോൺഫറൻസിലൂടെ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  സുമതി അധ്യക്ഷത വഹിച്ചു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തുടക്കത്തില്‍ തന്നെ മാസ്‌കുകള്‍ തയ്ക്കാനും ആദ്യം തയ്ക്കുന്ന മാസ്‌കുകള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാനും പിന്നീട് നിശ്ചിത തുക കണക്കാക്കി മാസ്‌ക് വില്‍പന നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍  സ്‌പോണര്‍ഷിപ്പായാണ് തയ്യല്‍ മെഷീന്‍  ലഭ്യമാക്കിയത്.
മാസ്‌ക് തയ്ക്കാനാവശ്യമായ തുണി നല്‍കാമെന്ന് ശുചിത്വമിഷന്‍ അറിയിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തില്‍ പെട്ടവരും ഇവരിലുണ്ട്. 
യൂണിറ്റ് ശിശുമന്ദിരത്തിനടിത്തുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൊടുത്ത തുണി ഉപയോഗിച്ച് ബിപിഎൽ കുടുംബങ്ങള്‍ക്ക് സൗജന്യമായി രണ്ട്  വീതം മാസ്‌കുകള്‍ നല്‍കുന്നതാണെന്ന് വളയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  സുമതി പറഞ്ഞു. 
ചടങ്ങിൽ സിജു തോമസ്, ഗ്രാമപഞ്ചായത്ത് പ്രധിനിധികള്‍, സാഗി ചാര്‍ജ്ജ് ഓഫീസര്‍ സൂര്യ പി.എം, ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍  പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴില്‍ തോടന്നൂര്‍ ബ്ലോക്ക് ഓഫീസിലെ ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ അങ്കണവാടികളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍  വിതരണം ചെയ്യുന്നതിനു വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ടെണ്ടര്‍  ക്ഷണിച്ചു. 10,000 രൂപ പ്രകാരം 27 അങ്കണവാടികള്‍ക്കും 7000 രൂപ പ്രകാരം ഒരു മിനി അങ്കണവാടിക്കും ഫര്‍ണിച്ചര്‍ ആവശ്യമുണ്ട്. ടെണ്ടര്‍ ഫോറങ്ങള്‍ സ്വീകരിക്കുന്ന സമയം സെപ്തംബര്‍ നാലിന് ഉച്ച,  2.30 മണി. ഫോണ്‍ : 0496-2592722, 8281999291.

സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും
കോവിഡ് പശ്ചാത്തലത്തിൽ പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യാന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്ത് 17-ന് രാവിലെ 10 മണിക്ക്  ക്ഷീര വികസന മന്ത്രി കെ. രാജു ഫെയ്‌സ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വ്വഹിക്കും. ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400  രൂപയാണ് സബ്‌സിഡി നല്‍കുന്നത്. 
ക്ഷീര കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ചാക്കും, 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് പരമാവധി 5 ചാക്കുമാണ് സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ കഴിയുന്നത്. ജില്ലയില്‍ ‘കാറ്റഗറി എ’ യില്‍ 14317 കര്‍ഷകര്‍ ‘കാറ്റഗറി ബി’ യില്‍ 1336, ‘കാറ്റഗറി സി’ യില്‍ 587 കര്‍ഷകര്‍ എന്നിങ്ങനെ ആകെ 16240 ക്ഷീര കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 15486 ചാക്ക് കേരള ഫീഡ്‌സ് എലൈറ്റും, 5774 ചാക്ക് മില്‍മ ഗോള്‍ഡും ഉള്‍പ്പെടെ 21260 ചാക്ക് കാലിത്തീറ്റ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 85.04 ലക്ഷം രൂപയാണ് സബ്‌സിഡി ആയി ഈയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.                                                                            
മരം ലേലം
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ്, നിരത്ത് ഉപ വിഭാഗം കാര്യാലയത്തിന് കീഴിലുളള നിരത്ത് സെക്ഷന്‍, കുന്ദമംഗലം കാര്യാലയത്തിലെ കീഴിലെ കളളന്‍തോട് – കൂളിമാട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 218 മരങ്ങളുടെ ലേലം ആഗസ്റ്റ് 25 ന്  രാവിലെ 11.30 ന് നായര്‍കുഴി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തും. ഫോണ്‍ 0495 2724727.

കെട്ടിട ലേലം
ചേളന്നൂര്‍ ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറ്റുന്നതിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി ആഗസ്റ്റ് 20 ന് രാവിലെ 11.30 മണിക്ക് ചേളന്നൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!