അമ്മയും അച്ഛനും ക്വാറൻ്റൈനിൽ പോകേണ്ടി വന്ന സാഹചര്യത്തിൽ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത സംരക്ഷിച്ച സംഭവത്തെ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ഈ മഹാമാരിയെ നമ്മൾ മാറിക്കടക്കുമെന്ന ആത്മവിശ്വാസം കുറിപ്പിലൂടെ മുഖ്യ മന്ത്രി പങ്കു വെക്കുന്നു,
അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെ നമ്മൾ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവൻ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാൻ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്നേഹമാണ്.
ആ സ്നേഹത്തിൻ്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നിൽ തീർത്തത്. അമ്മയും അച്ഛനും ക്വാറൻ്റൈനിൽ പോകേണ്ടി വന്ന സാഹചര്യത്തിൽ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിൻ്റെ സംരക്ഷണ ചുമതല അവർ നിർവഹിക്കുകയും ചെയ്തു. നിസ്വാർഥമായ സ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാർദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയർന്നു നിൽക്കുമ്പോൾ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്പെടുത്താൻ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും.

